'എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ല'; മോട്ടോർ വാഹന വകുപ്പിന്‍റെ വിശദീകരണം
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു
പാലക്കാട്: എ.ഐ കാമറയിൽനിന്ന് മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. വിവരാവകാശ രേഖപ്രകാരമുള്ള അന്വേഷണത്തിനുള്ള മറുപടിയിലാണ് വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർക്ക് ഉൾപ്പെടെ ഇളവ് നൽകാൻ നിയമമില്ലെന്ന് മറുപടിയിൽ അറിയിച്ചു.
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്നാണ് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാൽ, എ.ഐ കാമറ പിഴയിൽനിന്ന് പ്രധാന വ്യക്തികൾക്കും മന്ത്രിമാർക്കും ഇളവുനൽകാൻ നിയമമോ വിജ്ഞാപനമോ ഉണ്ടോ എന്നാണ് വിവരാവകാശ പ്രകാരം അന്വേഷിച്ചത്. ഇല്ലെന്ന മറുപടിയാണ് ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നൽകുന്നത്.
മന്ത്രിമാർക്കും വി.ഐ.പികൾക്കും റോഡ് നിയമത്തിൽ ഇളവില്ലെന്നിരിക്കെയാണ് നിയമലംഘനത്തിന് നടപടിയുണ്ടാവില്ലെന്ന് മന്ത്രി തന്നെ പറഞ്ഞത്. നിയമങ്ങൾ ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ നിയമലംഘനം നടത്തുന്ന മന്ത്രിമാരുടെ വാഹനങ്ങളും പിഴ അടക്കേണ്ടിവരും.
അതേസമയം, എ.ഐ കാമറാ വിവാദത്തില്‍ കെൽട്രോണിനെ വെള്ളപൂശാൻ ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാല്‍, നടപടികളെല്ലാം സുതാര്യമായിരുന്നുവെന്നും ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കേണ്ടതില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനമുടനീളം എ.ഐ കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തില്‍ സർക്കാർതലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് തയാറാക്കിയ റിപ്പോർട്ടില്‍ പ്രതിപക്ഷം ഉള്‍പ്പെടെ ഉയർത്തിയ ആരോപണങ്ങളിൽ വസ്തുതയില്ലെന്ന് കണ്ടെത്തിയതായി മന്ത്രി രാജീവ് പറഞ്ഞു.
Summary: Kerala motor vehicle department will not give exemption to ministers and VIPs in violation of law caught by AI camera. The department clarified this in response to an inquiry under the RTI Act
Adjust Story Font
16