ന്യൂനപക്ഷ സ്‌കോളർഷിപ്പ്: സച്ചാർ കമ്മിറ്റി പ്രകാരമുള്ള സ്‌കീം തുടരണമെന്ന് യു.ഡി.എഫ്
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പ് മറ്റൊരു സ്കീമായി നടപ്പാക്കണമെന്ന ഫോർമുല സർക്കാറിന് മുന്നില്‍വെക്കാനും ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പിനെച്ചൊല്ലി യു.ഡി.എഫിലുണ്ടായ അഭിപ്രായ വ്യത്യാസം അവസാനിച്ചു. മുസ്‍ലിംകള്‍ക്കായി സച്ചാർ കമ്മിറ്റി പ്രകാരമുള്ള സ്കോളർഷിപ്പ് പദ്ധതി തുടരണമെന്ന് യു.ഡി.എഫിൽ ധാരണ. ജനസംഖ്യാ അടിസ്ഥാനത്തിലുള്ള സ്കോളർഷിപ്പ് മറ്റൊരു സ്കീമായി നടപ്പാക്കണമെന്ന ഫോർമുല സർക്കാറിന് മുന്നില്‍വെക്കാനും ഇന്ന് ചേർന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു.
സ്കോളർഷിപ്പ് വിഷയത്തിൽ മുസ്‍ലിം ലീഗിന്റെ സമ്മർദത്തിന് മാത്രം വഴങ്ങി തീരുമാനം വേണ്ടെന്നായിരുന്നു കോൺഗ്രസ് നിലപാട്. രാവിലെ ചേർന്ന യു.ഡി.എഫ്. നേതൃയോഗത്തിൽ ലീഗും കേരള കോൺഗ്രസുമായി കോൺഗ്രസ് നേതാക്കൾ വിശദമായി സംസാരിച്ചു. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള എതിർപ്പ് ഒഴിവാക്കാൻ കേരള കോൺഗ്രസുമായി ധാരണയിലെത്താൻ കോൺഗ്രസിനു കഴിഞ്ഞു.
തുടർന്നാണ് സച്ചാർ കമ്മിറ്റി പ്രകാരം മുസ്‍ലിം വിഭാഗത്തിനുള്ള സ്കോളർഷിപ്പ് സ്കീം തുടരണമെന്ന് യു.ഡി.എഫ് കൺവീനർ വ്യക്തമാക്കിയത്. ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്നം പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ജെ.ബി.കോശി അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ക്രൈസ്തവ വിഭാഗത്തിന് ചില പ്രത്യേക പരിഗണനകൾ നൽകേണ്ടി വരും. അങ്ങനെയെങ്കിൽ മുസ്‍ലിം വിഭാഗത്തിനും പ്രത്യേക പരിഗണന എന്ന ആവശ്യത്തിന് തെറ്റില്ലെന്നാണ് യു.ഡി.എഫ്. നയം.
Adjust Story Font
16