21 മണിക്കൂർ നീണ്ടുനിന്ന തിരച്ചിൽ വിഫലം; ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത് ചാക്കില്‍ കെട്ടിയനിലയില്‍
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു ചാന്ദ്നിയെ കാണാതായത്
ആലുവ: വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു എറണാകുളം ആലുവ തായ്ക്കാട്ടുകരയിലെ ബിഹാർ സ്വദേശിയുടെ മകളായ ചാന്ദ്‌നി കുമാരിയെന്ന അഞ്ചുവയസുകാരിയെ കാണാതായത്. വിവരംഅറിഞ്ഞ ഉടൻ ചാന്ദ്‌നിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്ന ബിഹാർ സ്വദേശിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ബിഹാർ സ്വദേശി അഷ്ഫാഖ് ആലത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതി ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെയാണ് ഇയാൾ പൊലീസിനോട് സഹകരിച്ച് തുടങ്ങിയത്. കുട്ടിയെ വീട്ടിൽ നിന്ന് ഇറക്കികൊണ്ടുപോയെന്നും ജ്യൂസ് വാങ്ങി നൽകിയെന്നുമായിരുന്നു ആദ്യം മൊഴി നൽകിയത്. പിന്നീടാണ് മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ സക്കീർ ഹുസൈൻ എന്നയാൾക്ക് കൈമാറിയെന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഷ്ഫാഖിന്റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു. കുട്ടിയെ കൈമാറിയെന്ന സ്ഥലത്ത് വെച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്തുകയുമായിരുന്നു. ഇതിനിടയിലാണ് ആലുവ മാർക്കറ്റിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ചാന്ദ്‌നിയുടെ മൃതദേഹമാണെന്ന് കണ്ടെത്തുകയായിരുന്നു.
അഷ്ഫാഖ് ആലവുമായി യാതൊരു ബന്ധവുമില്ലെന്ന് കുട്ടിയുടെ പിതാവ് മജ്ജൻ കുമാർ തിവാരി പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടാണ് കുട്ടിയെ കാണാതായത്. ഈ സമയത്ത് ഭാര്യ കുളിക്കുകയായിരുന്നു. കുട്ടി മറ്റൊരാളുമായി റോഡിലൂടെ പോകുന്നത് സമീപത്തെ കടക്കാരനാണ് ആദ്യം കണ്ടത്. ഇക്കാര്യം തന്നെ വിളിച്ചുപറയുകയായിരുന്നെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. ഉടൻ തന്നെ പൊലീസിന് പരാതി നൽകുകയും ചെയ്തു. രണ്ടുദിവസം മുമ്പാണ് അഷ്ഫാഖ് വീടിന് മുകളിൽ താമസിക്കാൻ എത്തിയത്. അതുകൊണ്ട് അയാളെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും പിതാവ് പറയുന്നു. ഒന്നാം ക്ലാസിലാണ് കാണാതായ പെൺകുട്ടി പഠിക്കുന്നത്. ഇന്നലെ സ്‌കൂൾ ഇല്ലാത്തതിനാൽ സമീപപ്രദേശത്ത് കളിച്ചുനടക്കുന്നുണ്ടായിരുന്നു. ജോലിക്ക് പോകുമ്പോൾ സമീപപ്രദേശത്തെ ആളുകളോട് കുട്ടിയെ നോക്കാൻ ഏൽപ്പിക്കാറാണ് ചെയ്യാറെന്നും ഇവർ പറയുന്നു.
Adjust Story Font
16