വരാപ്പുഴയിലെ തമിഴ് കുടുംബത്തിന്റെ തിരോധാനം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി
കൊച്ചി: എറണാകുളം വരാപ്പുഴയിൽ തമിഴ് കുടുംബത്തെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചന്ദ്രന്റെ വീട് നിർമ്മിച്ച പ്രദേശവാസി കൂടിയായ ജോളി നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്. ചന്ദ്രന്റെ കുടുംബത്തിന്റെ തിരോധാനം സംബന്ധിച്ച് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
നാല് വർഷം മുമ്പാണ് തമിഴ്‌നാട് തിരുവേർക്കാട് ചന്ദ്രനും ഭാര്യ കണ്ണകിയും വരാപ്പുഴയിൽ നിർമ്മാണത്തിരുന്ന വീടും കാറും ഉപേക്ഷിച്ച് പോയത്. അതിന് ശേഷം കുടുംബത്തെ സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായില്ല. വീട് നിർമ്മിച്ച വരാപ്പുഴ സ്വദേശി ജോളി തമിഴ്‌നാട്ടിൽ പോയി അന്വേഷണം നടത്തിയിട്ടും കാര്യമുണ്ടായില്ല. വാർത്ത മീഡിയവൺ പുറത്ത് വിട്ടതിന് പിന്നാലെയാണ് വരാപ്പുഴ പൊലീസ് ജോളിയുടെ പരാതിയിൽ കേസെടുത്തത്. തമിഴ് കുടുംബത്തിന്റെ തിരോധാനത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചന്ദ്രനും ഭാര്യ കണ്ണകിയും തമിഴ്‌നാട്ടിലുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിച്ചാൽ തമിഴ്‌നാട്ടിലേക്ക് പോകാനാണ് വരാപ്പുഴ പൊലീസിന്റെ തീരുമാനം. നേരത്തെ പല തവണ പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. എറണാകുളത്ത് വസ്ത്രവ്യാപാരം നടത്തി വാടകയ്ക്ക് താമസിക്കവെയാണ് 2018 ലാണ് ചന്ദ്രൻ വരാപ്പുഴ ഒളിനാടിൽ സ്ഥലം വാങ്ങി വീട് നിർമ്മാണം ആരംഭിച്ചത്. നിലവിൽ ഏഴ് സെന്റ് ഭൂമിയും വീടും കാറും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
Adjust Story Font
16