Quantcast

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസ്: റിവ്യു ഹരജി ലോകായുക്ത നാളെ പരിഗണിക്കും

കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-10 12:39:35.0

Published:

10 April 2023 11:44 AM GMT

misuse of cmdrf lokayukta to consider review petition tomorrow
X

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ റിവ്യൂ ഹരജി ലോകായുക്ത നാളെ പരിഗണിക്കും. കേസിൽ ഭിന്നവിധി പറഞ്ഞ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഫുൾ ബെഞ്ച് കേസ് മറ്റന്നാൾ പരിഗണിക്കും.

എൻ.സി.പി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ചു, അന്തരിച്ച ചെങ്ങന്നൂർ എം.എൽ.എ രാമചന്ദ്രൻ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ നല്‍കി, സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപ അനുവദിച്ചതടക്കമുള്ള കാര്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്. ഇതില്‍ വിശദമായ വാദം 2022 മാർച്ച് 18ന് പൂർത്തിയായിരുന്നു.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് പരാതിക്കാന്‍ ആര്‍.എസ് ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഏപ്രില്‍ 16 ന് മുന്‍പ് കേസ് പരിഗണിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയതോടെ മാര്‍ച്ച് 31ന് ലോകായുക്ത വിധി പറയാന്‍ തീരുമാനിച്ചു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദും ഉൾപ്പെട്ട ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഫുള്‍ ബെഞ്ചിനു വിട്ടു.

മാനദണ്ഡങ്ങൾ ലംഘിച്ചു പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ? മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ? തുടങ്ങിയവയാണ് ഫുൾ ബെഞ്ച് പരിഗണിക്കാൻ വേണ്ടി തീരുമാനിച്ചിരുന്നത്. ഇതിനെതിരെ പരാതിക്കാരൻ ആർ.എസ് ശശികുമാർ ലോകായുക്തയിൽ പുനഃപരിശോധനാ ഹരജി നൽകി. മന്ത്രിസഭാ തീരുമാനം പരിശോധിക്കാൻ അധികാരമുണ്ടെന്ന് 2019 ജനുവരിയിൽ തന്നെ ലോകായുക്ത ജസ്റ്റിസ് പയസ് ഡി കുര്യാക്കോസ് വിധി പറഞ്ഞതാണെന്നും അതുകൊണ്ട് നിലവിലെ വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടത്. മറ്റന്നാള്‍ ഫുൾ ബെഞ്ചിൽ വാദം തുടങ്ങാൻ ഇരിക്കെയാണ് റിവ്യൂ ഹരജിയിൽ അന്തിമ തീരുമാനം എടുക്കാൻ ലോകായുക്ത തീരുമാനിച്ചിരിക്കുന്നത്. റിവ്യൂ ഹരജിയിലെ തീർപ്പിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും മറ്റന്നാൾ കേസ് പരിഗണിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.



TAGS :

Next Story