'മുനീറിന്റെ പ്രസ്താവന 16-ാം നൂറ്റാണ്ടിലേത്'; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടിയും
''നാട്ടിൽ വരുന്ന മാറ്റങ്ങൾ കാണണം. ആൺകുട്ടികളെയും പെൺകുട്ടികളെയും സമമായി കാണുന്ന കാലമാണ്. ഏതെങ്കിലും വിദ്യാലയത്തിൽ സമമായ യൂനിഫോം വേണമെന്ന് ആവശ്യപ്പെട്ടാൽ അതിന് അനുവാദം കൊടുക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.''
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മിക്‌സഡ് സ്‌കൂൾ, ജെൻഡർ ന്യൂട്രൽ യൂനിഫോം നയത്തെ വിമർശിച്ച എം.കെ മുനീറിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി. 16-ാം നൂറ്റാണ്ടിലെ പ്രസ്താവനയാണ് മുനീർ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ലിംഗനീതി, ലിംഗതുല്യത, ലിംഗബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
മിക്‌സഡ് സ്‌കൂൾ വെറുതെയങ്ങ് പ്രഖ്യാപിക്കുകയല്ല ചെയ്തത്. സ്‌കൂൾ അധികാരികൾക്കും പാരന്റ്‌സ് അസോസിയേഷനും മിക്‌സഡ് സ്‌കൂൾ ആക്കണമെന്ന് താൽപര്യമുണ്ടെങ്കിൽ പി.ടി.എയും രക്ഷാകർത്താക്കളും യോഗം ചേരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിക്കണം. അതിനുശേഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കണം. ഇത്രയും നടപടിക്രമങ്ങൾ കഴിഞ്ഞ ശേഷമാണ് മിക്‌സഡ് സ്‌കൂളുകൾ പ്രഖ്യാപിക്കുന്നത്-മന്ത്രി ചൂണ്ടിക്കാട്ടി.
സമാനമാണ് യൂനിഫോമിന്റെ കാര്യവുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥലത്തും ഇന്ന രീതിയിലുള്ള യൂനിഫോം ഇടണമെന്ന് സർക്കാർ അടിച്ചേൽപ്പിക്കുന്നില്ല. മാന്യമായ യൂനിഫോം ഓരോ സ്‌കൂളിന്റെയും സാഹചര്യം അനുസരിച്ച് തീരുമാനിക്കാനുള്ള അധികാരം ആ സ്‌കൂളിന്റെ അധികാരികൾക്കും രക്ഷാകർത്താക്കൾക്കും പി.ടി.എയ്ക്കുമാണ്. നാട്ടിൽ വരുന്ന മാറ്റങ്ങൾ കാണണം. ആൺകുട്ടികളെയും പെൺകുട്ടികളെയും സമമായി കാണുന്ന കാലമാണ്. ഇത്തരമൊരു കാലത്ത് സമമായ യൂനിഫോം ഏതെങ്കിലും വിദ്യാലയത്തിൽ വേണമെന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ആവശ്യപ്പെട്ടാൽ അതിന് അനുവാദം കൊടുക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല-ശിവൻകുട്ടി വ്യക്തമാക്കി.
''ഇത്തരമൊരു തീരുമാനത്തെ വളരെ മോശമായാണ് കേരളത്തിന്റെ ഏറ്റവും ആരാധ്യനായ നേതാവായ സി.എച്ച് മുഹമ്മദ് കോയയുടെ മകനും മുൻ മന്ത്രിയുമായ എം.കെ മുനീറിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വളരെ ദൗർഭാഗ്യകരമായിപ്പോയി അത്. യൂനിഫോം അതത് സ്ഥലത്ത് തീരുമാനിക്കാമെന്നു പറഞ്ഞതിന്, മുഖ്യമന്ത്രി പിണറായി വിജയൻ സാരിയുടുക്കുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. മുനീറിന്റെ പ്രസ്താവന 16-ാം നൂറ്റാണ്ടിലുള്ളതാണ്.''
പൊതുവിദ്യാഭ്യാസ വകുപ്പ് ലിംഗനീതി, ലിംഗതുല്യത, ലിംഗബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ടുപോകും. വസ്ത്രധാരണ വ്യക്തിപരമാണ്. ഓരോരുത്തർക്കും അവർക്ക് ഇഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കുകയെന്നത് അവരുടെ നിലപാടാണ്. അല്ലാതെ ആർക്കുമേലും ഒന്നും അടിച്ചേൽപ്പിക്കാൻ സർക്കാർ ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രി സാരിയുടുത്താലേ ലിംഗസമത്വമുണ്ടാകൂവെന്ന മുനീറിന്റെ പ്രസ്താവന അത്ഭുതകരമാണ്. സി.എച്ച് ജീവിച്ചിരുന്നെങ്കിൽ മുനീറിനു വേണ്ടി മാപ്പുപറഞ്ഞ് പ്രസ്താവന പിൻവലിക്കുമായിരുന്നുവെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Summary: 'MK Munireer's Statement is of the 16th Century'; says Minister V. Sivankutty
Adjust Story Font
16