Quantcast

'പുരോഗമനവാദിയാണ് പക്ഷെ അരാജകവാദിയല്ല'; ലിംഗനീതിയാണ് വേണ്ടതെന്ന് എം.കെ മുനീർ

പിണറായി സർക്കാർ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാൻ കഴിയില്ല. ജെൻഡർ ന്യൂട്രൽ എന്ന പേരിൽ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ലിംഗപക്ഷപാതമാണെന്നും അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-08-01 04:47:40.0

Published:

1 Aug 2022 4:46 AM GMT

പുരോഗമനവാദിയാണ് പക്ഷെ അരാജകവാദിയല്ല; ലിംഗനീതിയാണ് വേണ്ടതെന്ന് എം.കെ മുനീർ
X

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ തന്റെ പ്രസംഗത്തിൽ വിശദീകരണവുമായി ഡോ. എം.കെ മുനീർ എംഎൽഎ. ആരെയും അപമാനിക്കാനല്ല താൻ പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നും ലിംഗനീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാൻ കഴിയില്ല. ജെൻഡർ ന്യൂട്രൽ എന്ന പേരിൽ പുരുഷന്റെ വസ്ത്രം സ്ത്രീയുടെ മേൽ അടിച്ചേൽപ്പിക്കുന്നത് ലിംഗപക്ഷപാതമാണെന്നും അദ്ദേഹം പറഞ്ഞു.

70 ശതമാനം പെൺകുട്ടികളുള്ള സ്‌കൂളിൽ 30 ശതമാനം വരുന്ന ആൺകുട്ടികളുടെ വസ്ത്രം എല്ലാവരുടെയുംമേൽ അടിച്ചേൽപ്പിക്കുകയാണ്. ഇത് ലോകത്ത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. താൻ പുരോഗമനവാദിയാണ് പക്ഷെ അരാജകവാദിയല്ല. കുട്ടികളികളുടെമേൽ കമ്മ്യൂണിസ്റ്റ് ചിന്തകളെ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീർ ആരോപിച്ചു.

സിപിഎം സ്ത്രീവിരുദ്ധ പാർട്ടിയാണ്. എം.എം മണിയുടെയും വിജയരാഘവന്റെയും പ്രസ്താവന അതിന് ഉദാഹരണമാണ്. ഈ നിയമസഭാ സമ്മേളനത്തിലെ യുഡിഎഫിന്റെ വലിയ പ്രതിഷേധം എം.എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെയായിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നവരാണ് ലിംഗസമത്വം നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും മുനീർ പരിഹസിച്ചു.

തന്റെ പ്രസ്താവന പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണ് അത് രാഷ്ട്രീയമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ലീഗ് ഇടതുപക്ഷത്തേക്ക് പോയാൽ പോലും ഈ നിലപാടുകളിൽ മാറ്റമുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എംഎസ്എഫ് സമ്മേളനത്തിലായിരുന്നു മുനീർ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. ലിംഗസമത്വത്തിന് ജെൻഡർ ന്യൂട്രൽ വസ്ത്രം നടപ്പാക്കുന്ന പിണറായി വിജയൻ സാരിയുടുക്കുമോ എന്നായിരുന്നു മുനീറിന്റെ ചോദ്യം.

TAGS :

Next Story