'ഫാൻ സ്പീഡ് കൂട്ടിയാൽ പറന്നുപോകുന്ന അപ്പത്തിന് 15 രൂപ'; ഹോട്ടലിനെതിരെ എംഎൽഎയുടെ പരാതി
കോഴിമുട്ട റോസ്റ്റിന് അമ്പതു രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് പരാതി.
ആലപ്പുഴ: അമിതവില ഈടാക്കിയെന്ന് ആരോപിച്ച് ഹോട്ടലിനെതിരെ ജില്ലാ കലക്ടർക്ക് പരാതി നൽകി ആലപ്പുഴ എംഎൽഎ പി.പി ചിത്തരഞ്ജൻ. അഞ്ച് അപ്പത്തിനും രണ്ട് മുട്ടറോസ്റ്റിനും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎൽഎയുടെ പരാതി. ആലപ്പുഴ മണ്ഡലത്തിലെ ഹോട്ടലുകൾ അമിതവില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
കോഴിമുട്ട റോസ്റ്റിന് 50 രൂപയും അപ്പത്തിനു 15 രൂപയും ഈടാക്കിയ കണിച്ചുകുളങ്ങരയിലെ റസ്റ്റോറന്റിനെതിരെയാണ് പരാതി. വെള്ളിയാഴ്ച രാവിലെയാണ് എംഎൽഎയും ഡ്രൈവറും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചത്. രണ്ടുപേരുംകൂടി അഞ്ചപ്പവും ഓരോമുട്ട വീതമുള്ള രണ്ടു മുട്ടറോസ്റ്റും കഴിച്ചു. ജിഎസ്ടി അടക്കം വന്ന ബിൽ തുക 184 രൂപയായിരുന്നു.
പരാതിയിൽ പ്രതികരണവുമായി ഹോട്ടൽ അധികൃതർ രംഗത്തെത്തി. അമിതമായ വില ഈടാക്കിയിട്ടില്ലെന്നും ന്യായവില മാത്രമാണ് ബില്ലിൽ നൽകിയതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. ഹോട്ടൽ കെട്ടിടത്തിന്റെ വാടക 1.70 ലക്ഷം രൂപയാണ്, കേന്ദ്രീകൃത എസി യാണ് അതിനാൽ വില ന്യായമാണെന്നും അധികൃതർ പറഞ്ഞു. എംഎൽഎയുടെ പരാതി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ സിവിൽ സപ്ലൈസ് ഓഫിസർക്കു നിർദേശം നൽകിയതായി കലക്ടർ ഡോ. രേണു രാജ് പറഞ്ഞു.
Adjust Story Font
16