എം.എം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിനെതിരെ മകള്‍ ആശ നല്‍കിയ ഹരജി ഇന്ന് സുപ്രിം കോടതിയില്‍
മതാചാര പ്രകാരം സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം
കൊച്ചി: മുൻഎംപിയും എൽഡിഎഫ് കൺവീനറുമായിരുന്ന എം.എം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയ നടപടിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മതാചാര പ്രകാരം സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ മകന്‍ എം.എല്‍ സജീവന്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രിംകോടതി നോട്ടീസയക്കും. കേരള അനാട്ടമി നിയമപ്രകാരം മൃതദേഹം ഏറ്റെടുത്ത എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍റെ തീരുമാനം ആദ്യം ഹൈക്കോടതി ശരിവച്ചിരുന്നു.
ജീവിച്ചിരിക്കെ മൃതദേഹം വൈദ്യപഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം എംഎം ലോറന്‍സ് പ്രകടിപ്പിച്ചിരുന്നുവെന്നായിരുന്നു മകന്‍ എം.എല്‍ സജീവന്‍റെ വാദം. എം.എം ലോറന്‍സ് ഇക്കാര്യം അറിയിച്ചതിന് രണ്ട് സാക്ഷികളുണ്ടെന്നുമായിരുന്നു എം.എല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്.
മക്കള്‍ തമ്മിലുള്ള തര്‍ക്കമാണെന്നും വിഷയത്തിന് സിവില്‍ സ്വഭാവമാണെന്നുമായിരുന്നു നേരത്തെ ഹൈക്കോടതിയുടെ നിരീക്ഷണം. മക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകനെ മധ്യസ്ഥനായി നിയോഗിച്ചുവെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. പിന്നാലെയാണ് കേരള അനാട്ടമി നിയമപ്രകാരം ലോറന്‍സിന്‍റെ മൃതദേഹം ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്‍റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Adjust Story Font
16