‘മകൾ ആശ, വർഷങ്ങളായി എന്നോട് അകൽച്ചയിലായിരുന്നു’ - എം.എം ലോറൻസിന്റെ പഴയ പോസ്റ്റ് വീണ്ടും ചർച്ചയാകുന്നു
‘കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആളാണ്’
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ രംഗത്തെത്തിയതിന് പിന്നാലെ ലോറൻസിന്റെ പഴയ പോസ്റ്റ് ചർച്ചയാകുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും അറിയിച്ചിരുന്നത്. ഇതിനെതിരെയാണ് മകൾ ആശ രംഗത്തെത്തിയതും ഹൈക്കോടതിയെ സമീപിച്ചതും. തുടർന്ന് ഹൈക്കോടതി മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഉത്തരവിടുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് എം.എം ലോറൻസ് മൂന്ന് വർഷം മുമ്പ് ഫേസ്ബുക്കിൽ മകൾ ആശയെ കുറിച്ചെഴുതിയ കുറിപ്പ് വീണ്ടുംചർച്ചയാകുന്നത്. പനിയും ക്ഷീണവും മൂലം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന കാലത്ത് മകൾ ആശുപത്രിയിലെത്തിയതിനെ പറ്റിയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെയുമാണ് അന്ന് ലോറൻസ് പനികിടക്കയിലായിരിക്കുമ്പോഴും ഫേസ്ബുക്കിലുടെ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത്.
‘4 മക്കളിൽ, വർഷങ്ങളായി അകൽച്ചയിൽ ആയിരുന്നു മകൾ ആശ. അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയും, ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ചാണ് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചത്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെസന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി.എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു.അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല. എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല.കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു’ എന്ന് പറഞ്ഞായിരുന്നു കുറിപ്പ് അന്ന് ലോറൻസ് അവസാനിപ്പിച്ചത്.
'മൃതദേഹം ആശുപത്രിക്ക് കൈമാറണമെന്ന് അച്ഛന് ആഗ്രഹം ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നായിരുന്നു ആശ ഇന്ന് പറഞ്ഞത്. ആശക്കെതിരെ സഹോദരൻ സജീവൻ രംഗത്തെത്തി. പിതാവ് നേരത്തെ പറഞ്ഞ കാര്യം കുടുംബത്തെയും പാർട്ടിയെയും അറിയിച്ചതാണെന്നും സജീവൻ പറഞ്ഞു. പാർട്ടി ഇതനുസരിച്ചാണ് തീരുമാനമെടുത്തത്. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനാണെന്നും മകൻ സജീവൻ പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം
ഓക്സിജൻ ലെവൽ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിർദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റഡ് ആണ് ഞാൻ. എനിക്ക് വേണ്ട സഹായങ്ങൾ നൽകാൻ എന്നോടൊപ്പം പാർട്ടിയും മൂത്ത മകൻ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാൻ ഇവിടെ ഒരാളെയും ഏർപ്പെടുത്തിയിട്ടുണ്ട്.
4 മക്കളിൽ, വർഷങ്ങളായി എന്നോട് അകൽച്ചയിൽ ആയിരുന്ന മകൾ ആശ, അടുപ്പം പ്രദർശിപ്പിക്കാൻ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദർശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകൾ ആരംഭിച്ചിരിക്കുകയുമാണ്. കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആൾ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദർശിക്കാൻ എത്തിയ പ്രിയ സഖാവ് സി എൻ മോഹനൻ, അജയ് തറയിൽ എന്നിവരെ, 'മകൾ' എന്ന മേൽവിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേൽവിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.
എന്റെ മറ്റ് മക്കൾ, എന്നോട് അടുപ്പം പുലർത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കൾ, പാർട്ടി നേതാക്കൾ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്.
എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാൻ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തിക്ക് ഒപ്പം ഇപ്പോൾ നിലകൊള്ളുന്ന ആശയുടെ ദുർപ്രചാരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യർത്ഥിക്കുന്നു.
Adjust Story Font
16