കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; എം.എം വർഗീസ് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല
നേരത്തെ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു
എം.എം വര്‍ഗീസ്
തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകുന്ന കാര്യത്തിൽ പാർട്ടിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കും എന്നായിരുന്നു വർഗീസിന്‍റെ പ്രതികരണം. നേരത്തെ നാലു പ്രാവശ്യം എം.എം വർഗീസിനെ ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ ബാങ്കിലെ സി.പി.എമ്മിന്‍റെ പേരിലുള്ള അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയുടെ അറിവോടെ എന്നാണ് ഇ.ഡി ആരോപണം. അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ ബിജുവിനോട് നാളെയും സി.പി.എം കൗൺസിലർ പി.കെ ഷാജനോട് മറ്റന്നാളും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്നായിരുന്നു വര്‍ഗീസിന്‍റെ പ്രതികരണം. പാർട്ടിക്ക് ബാങ്കിൽ ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ച് വെക്കേണ്ടതില്ലെന്നും എം.എം വർഗീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നുമാണ് സി.പി.എം നേതാക്കൾ പ്രതികരിച്ചു. നിരവധി തവണ ഇ.ഡി വിളിപ്പിക്കുകയും രേഖകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും രേഖകൾ നൽകുമെന്നും നേതാക്കൾ അറിയിച്ചു.
Adjust Story Font
16