ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ സംസ്ഥാനത്തിനു പുറത്തേക്ക് കടത്തി
ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫോണുകൾ മാറ്റിയത്
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഫോണുകൾ മാറ്റിയത്.ദിലീപ്, അനിയൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ മൊബൈൽ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ തലേദിവസം തന്നെ ഇങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്യുമെന്ന സൂചന ലഭിച്ചിരുന്നു. കേസ് ഞായറാഴ്ചയാണ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച തന്നെ ഇവർ ഫോണുകൾ മാറ്റിയിരുന്നു. ഫോൺ എവിടെയാണ് ഉള്ളത് എന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. രണ്ട് ആപ്പിൾ ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘത്തിന് കണ്ടെത്തേണ്ടത്. മൊബൈൽ ഫോണുകൾ അന്നുമുതൽ തന്നെ സ്വിച്ച് ഓഫാണ്. ഇന്ന് ദിലീപിന്റെ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കാനിരിക്കെയാണ് ഫോണുകൾ മാറ്റിയെന്ന വിവരം പുറത്ത് വരുന്നത്.
രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തി ജസ്റ്റിസ് പി ഗോപിനാഥാണ് ദിലീപിന്റെ ജാമ്യഹരജി പരിഗണിക്കുന്നത്. ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി അന്തിമ തീരുമാനം അറിയിക്കും. ഫോൺ ഇന്നുതന്നെ ഫോൺ അന്വേഷണ സംഘത്തിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടാൽ ദിലീപ് അടക്കമുള്ളവർക്ക് തിരിച്ചടിയാകും.
Adjust Story Font
16