സന്നദ്ധ സംഘടനകള്‍ക്ക് താഴിടുമോ കേന്ദ്രം..? വിദേശ നിക്ഷേപങ്ങള്‍ക്ക് 'ചുവപ്പ് നാട'
സ്ഥാപനത്തിലെ മുസ്ലിം ജീവനക്കാർ, ആനുകൂല്യം ലഭിക്കുന്നവർ, ഏത് രാഷ്ട്രീയപാർട്ടിയോടാണ് ചായ്വ് തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളും ഓഡിറ്റിനെത്തുന്ന ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതായി ജീവനക്കാർ ആരോപിക്കുന്നു.
സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടായാടാനൊരുങ്ങുന്നതായി ആക്ഷേപം. സന്നദ്ധ സംഘടനകളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള 'ഓഡിറ്റ് കുരുക്ക്' ആണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന ആക്ഷേപമാണ് നിലവില്‍ ഉയരുന്നത്. തുടര്‍ച്ചയായി നടത്തുന്ന ഓഡിറ്റുകൾ സംഘടനകളുടെ പ്രവർത്തനത്തിന് താഴിടാൻ ഉപയോഗിക്കുമെന്ന ആശങ്ക ഇതോടെ വ്യാപകമാവുകയാണ്. കഴിഞ്ഞ ജനുവരിക്കുശേഷം, ഓഡിറ്റിനെത്തുന്ന ഉദ്യോഗസ്ഥർ 10-14 ദിവസം വരെ തമ്പടിച്ചാണ് ഫയലുകൾ പരിശോധിക്കുന്നത്.
സ്ഥാപനത്തിലെ മുസ്ലിം ജീവനക്കാർ, ആനുകൂല്യം ലഭിക്കുന്നവർ, ഏത് രാഷ്ട്രീയപാർട്ടിയോടാണ് ചായ്വ് തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളും ഓഡിറ്റിനെത്തുന്ന ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതായി ജീവനക്കാർ ആരോപിക്കുന്നു. വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) അനുസരിച്ച് രാജ്യത്ത് 22,000ത്തോളം സംഘടനകൾക്ക് വിദേശസംഭാവന വാങ്ങാൻ ലൈസൻസുണ്ട്. ഈ ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകുന്ന ഘട്ടത്തിൽ ഓഡിറ്റ് ഫയലുകൾ വിദേശ സംഭാവന തടയാനുള്ള ഉപകരണമാക്കുമെന്ന ആശങ്കയാണ് ഉയരുന്നതെന്ന് 'ക്വാർട്സ്' പോർട്ടലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ അമിതാഭ് ബെഹർ പറയുന്നു. ഈ വർഷം 300 എൻ.ജി.ഒകൾക്കാണ് ഓഡിറ്റിന് നോട്ടീസ് ലഭിച്ചത്. മുസ്ലിംകൾ, ദലിതർ, സ്വതന്ത്ര മാധ്യമപ്രവർത്തനം തുടങ്ങിയ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സംഘടനകളാണ് പ്രത്യേക പരിശോധനാ വലയത്തിൽപെടുന്നതായി ആരോപണമുയരുന്നത്.
2018-19 വർഷം രാജ്യത്തെ എൻ.ജി.ഒകൾ 16,300 കോടിയുടെ വിദേശസഹായം സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് എഫ്.സി.ആർ.എ ചട്ടത്തിൽ അടിയന്തരമായി ഭേദഗതിവരുത്തിയ മോദിസർക്കാർ, വിദേശ സംഭാവന തടസ്സപ്പെടുത്താനുള്ള ചരട് മുറുക്കുകയാണ് ചെയ്തത്. 43 സംഘടനകൾ ഈ നിയമങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ 'ക്വാർട്സി'നോട് പ്രതികരിക്കാൻ എഫ്.സി.ആർ.എ നിയമം കൈകാര്യം ചെയ്യുന്ന കേന്ദ്രവകുപ്പിലെ ഉദ്യോഗസ്ഥർ തയാറായില്ല. കേന്ദ്രം എതിരാകുമോയെന്ന ഭയത്തിൽ സംഘടനാ ജീവനക്കാരും പ്രതികരിക്കാൻ ഭയക്കുകയാണ്.
ഡൽഹിയിൽ മനുഷ്യാവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയുടെ സ്ഥാപകനോട് ഫീൽഡിൽ പ്രവർത്തിക്കുന്ന മുസ്ലിം ജീവനക്കാരെപ്പറ്റിയാണ് പ്രത്യേകം ചോദിച്ചത്. 280 ജീവനക്കാരിൽ ഒരാളായ അബ്ദുൽ ജബ്ബാറിനെ മാത്രം തിരഞ്ഞുപിടിച്ച്, അയാൾ എത്ര തുക കൈപ്പറ്റിയിട്ടുണ്ടെന്ന് വ്യക്തമാക്കാൻ ഓഡിറ്റർമാർ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കശ്മീർ സ്വദേശിയായ വനിത ജീവനക്കാരിയെപ്പറ്റിയായിരുന്നു അടുത്ത ചോദ്യം. എന്ത് സന്ദേശമാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, മുസ്ലിംകളെ ജോലിക്കെടുക്കുന്നതിനെ കുറ്റമായി കാണുന്നതെന്തുകൊണ്ടെന്നും ചോദിക്കുന്നു.
Adjust Story Font
16