Quantcast

ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്ന് മന്ത്രി റിയാസ്; മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നുവെന്ന് തിരുവഞ്ചൂർ

ഇടതുപക്ഷ സർക്കാർ വരുന്നതിനു മുൻപ് വർഗീയ കലാപങ്ങളിൽ കക്ഷിചേരുന്നവരായിരുന്നു പൊലീസെന്ന് മന്ത്രി റിയാസ്

MediaOne Logo

Web Desk

  • Published:

    3 Sep 2024 6:24 AM GMT

Minister PA Mohammed Riyas reacts to the allegations leveled by PV Anvar MLA against ADGP MR Ajith Kumar and Sujith Das, PV Anvar allegations
X

കണ്ണൂർ/കോട്ടയം: എഡിജിപി എം.ആർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പി.വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കും. പൊലീസ് സേനയിലെ പുഴുക്കുത്തുകൾ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ആരു ചെയ്താലും സംരക്ഷിക്കില്ലെന്നും റിയാസ് വ്യക്തമാക്കി. അതേസമയം, എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കിൽ ഒരു നിലയ്ക്കും വച്ചുപൊറുപ്പിക്കില്ല. പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ അതിനോട് സന്ധി ചെയ്യില്ല. ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന് മന്ത്രി റിയാസ് പറഞ്ഞു.

കേരളത്തിലെ പൊലീസ് സംവിധാനം മൊത്തം മോശമാണെന്നു പറയാൻ പറ്റില്ല. ഇടതുപക്ഷ സർക്കാർ വരുന്നതിനു മുൻപ് വർഗീയ കലാപങ്ങളിൽ കക്ഷിചേരുന്നവരും പല പ്രവൃത്തികളിലും ഇടനിലക്കാരായി പ്രവർത്തിക്കുന്നവരുമായിരുന്നു പൊലീസ്. 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം മുന്നണിയുടെ നയം നടപ്പാക്കി ജനകീയ പൊലീസ് സംവിധാനം കൊണ്ടുവന്നു. അതിൽ ഇതിനു പൊതു അംഗീകാരവും ലഭിച്ചിട്ടുണ്ട്. തെറ്റ് ആര് ചെയ്താലും ഒരു തരത്തിലുമുള്ള സംരക്ഷണമുണ്ടാകില്ല. തെറ്റിനെ ശരിയായ നിലയിൽ വിലയിരുത്തി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രിയുടേത് എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ്. സർക്കാർ നിലപാട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു.

ഈയാംപാറ്റകളെ തീപ്പന്തം ആകർഷിക്കുന്ന പോലെ സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നു. കാര്യം കഴിഞ്ഞാൽ അവരെ തള്ളിക്കളയുന്ന രീതിയാണ്. യൂസ് ആൻഡ് ത്രോ ആണ് പൊലീസിൽ നടക്കുന്നത്. ഇവിടെ വാദിയും പ്രതിയും സർക്കാരാണ്. മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ അൻവർ വാ തുറക്കുമോ? അൻവറിന്റെ പിന്നിൽ ആരാണെന്ന് കാലം തെളിയിക്കുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

Summary: Minister PA Mohammed Riyas and former home minister Thiruvanchoor Radhakrishnan react to the allegations leveled by PV Anvar MLA against ADGP MR Ajith Kumar and Sujith Das

TAGS :

Next Story