'താമരശ്ശേരിയിലെ റെസ്റ്റോറന്റിൽ കെ.സി വേണുഗോപാൽ എം.പി മദ്യപിക്കുന്നു'; ബിജെപി ഐടി സെല്ലിന്റെ വ്യാജ പ്രചാരണം പൊളിച്ച് മുഹമ്മദ് സുബൈർ
താമരശ്ശേരിയിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളിലെ ഒരു ഭാഗമെടുത്തായിരുന്നു വ്യാജ പ്രചാരണം.
കോൺഗ്രസ് നേതാവും ആലപ്പുഴ എം.പിയുമായ കെ.സി വേണുഗോപാൽ താമരശ്ശേരിയിലെ റെസ്റ്റോറന്റിലിരുന്ന് കട്ടൻചായ കുടിക്കുന്നതിനെ മദ്യപിക്കുന്നതാക്കി സോഷ്യൽമീഡിയയിൽ ഹിന്ദുത്വ വ്യാജ പ്രചാരണം. Facts @BefittingFacts എന്ന ബിജെപി ഐടി സെൽ എക്സ് അക്കൗണ്ടിലൂടെയുള്ള വ്യാജ പ്രചാരണം പൊളിച്ച് ഫാക്ട് ചെക്കിങ് സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈർ രംഗത്തെത്തി.
താമരശ്ശേരിയിലെ വൈറ്റ് ഹൗസ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളിലെ ഒരു ഭാഗമെടുത്തായിരുന്നു വ്യാജ പ്രചാരണം. കെ.സി വേണുഗോപാലിന്റെ ചിത്രം നൽകി 'ഈ റെസ്റ്റോറൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ല. ഇവർ എങ്ങനെയാണ് കോൺഗ്രസ് നേതാക്കൾക്ക് മദ്യം വിളമ്പുന്നത്?'- എന്ന് ചോദിച്ചായിരുന്നു കേരളാ പൊലീസിനെയും എക്സൈസ് വകുപ്പിനെയും മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റ്. താമരശ്ശേരിയിലെ വൈറ്റ്ഹൗസ് എന്ന റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.
എന്നാൽ, ഈ റെസ്റ്റോറന്റിന്റെ മാനേജറായ കബീറുമായി താൻ സംസാരിച്ചെന്നും കെ.സി വേണുഗോപാൽ കുടിച്ചത് മദ്യമല്ല, കട്ടൻചായയാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായും മുഹമ്മദ് സുബൈർ എക്സിൽ കുറിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തന്റെ മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയും കെ.സി വേണുഗോപാലുമടക്കുള്ള കോൺഗ്രസ് നേതാക്കൾ ഈ റെസ്റ്റോറന്റിൽ കയറിയിരുന്നു.
റെസ്റ്റോറന്റിൽ നിന്നും ഊണും ഐസ്ക്രീമും ഉൾപ്പെടെ നേതാക്കൾ കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. ഒരു ഐസ്ക്രീം രാഹുൽ ഗാന്ധി കെ.സി വേണുഗോപാലിന് കൈമാറുമ്പോൾ അദ്ദേഹം വേണ്ട എന്നു പറഞ്ഞ് നിരസിക്കുന്നതും ഈ സമയം അദ്ദേഹത്തിന്റെ വലതുകൈയിൽ കട്ടൻ ചായ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് റെസ്റ്റോറന്റ് സ്റ്റാഫുകൾക്കൊപ്പം നിന്ന് സെൽഫിയെടുത്ത ശേഷമാണ് രാഹുൽ ഗാന്ധിയും സംഘവും ഇവിടെ നിന്ന് മടങ്ങിയത്.
ഈ ദൃശ്യങ്ങളിൽ നിന്നും കട്ടൻചായ ഭാഗം മാത്രം മുറിച്ചെടുത്താണ് പശ്ചിമബംഗാളിൽ നിന്നുള്ള ബിജെപി ഐടി സെൽ അംഗത്തിന്റെ എക്സ് അക്കൗണ്ടിലൂടെ വ്യാജ പ്രചാരണം നടത്തിയത്. നിരവധി സംഘ്പരിവാർ അനുകൂല പ്രൊഫൈലുകളാണ് ഇത് ഷെയർ ചെയ്തത്. അതേസമയം, സുബൈറിന്റെ പോസ്റ്റിനടിയിൽ, വ്യാജ പ്രചാരകനെതിരെ നടപടിയാവശ്യപ്പെട്ടും ഇയാളെ ന്യായീകരിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
വ്യാജ വിവരം പങ്കുവച്ചതിനും സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയതിനും ബിജെപി ഐടി സെൽ അംഗമായ @BefittingFacts അക്കൗണ്ടുടമയെ അറസ്റ്റ് ചെയ്യണമെന്ന് ബിഹാറിലെ ആക്ടിവിസ്റ്റും ഫാഷൻ ഡിസൈനറുമായ പ്രിയങ്ക ദേശ്മുഖ് അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16