'മോഹൻ ഭാഗവതിന്റെ പ്രസ്താവന രാജ്യദ്രോഹം, ജനാധിപത്യ മതേതരവാദികൾ രംഗത്ത് വരണം': സത്താർ പന്തല്ലൂർ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ വിവാദ പ്രസ്താവന
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തല്ലൂര്‍.
ഇത്തരത്തിലുള്ള പ്രസ്താവന രാജ്യദ്രോഹമാണ്. അതുപോലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരചിന്തിയ അനേകായിരങ്ങളെ അവഹേളിക്കലുമാണ്. ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനയ്‌ക്കെതിരേ ജനാധിപത്യ, മതേതരവാദികള്‍ രംഗത്തുവരണമെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
നാലരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ മുസ്‌ലിം നിസ്‌കരിച്ച് പോന്ന ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസമാണ്, യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് എന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും സത്താര്‍ പന്തല്ലൂര്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന, രാജ്യദ്രോഹപരവും അതുപോലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ചോരചിന്തിയ അനേകായിരങ്ങളെ അവഹേളിക്കലും കൂടിയാണ്.
മറ്റൊരു രാജ്യത്തുവച്ചാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ഇങ്ങനെ പറഞ്ഞതെങ്കില്‍ അറസ്റ്റ്‌ചെയ്യപ്പെടുമായിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അതിൻ്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്ന, രാഷ്ട്ര ഘടനയെ സംശയിക്കുന്ന പ്രസ്താവനയാണ് മോഹന്‍ ഭാഗവത് നടത്തിയത്.
ഇന്നും ഉര്‍ത്തിക്കാണിക്കാന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനി പോലുമില്ലാത്ത ആര്‍.എസ്.എസ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറയുന്നതിലും നിഷേധിക്കുന്നതിലും ഒരു പുതുമയുമില്ല. കാരണം അരനൂറ്റാണ്ടിലേറെക്കാലം ത്രിവര്‍ണ പതാക ഉയരാതിരുന്ന ആസ്ഥാനമാണ് അവര്‍ക്കുള്ളത്.
നാലരനൂറ്റാണ്ടിലേറെക്കാലം ഇന്ത്യയിലെ മുസ്ലിംകള്‍ നിസ്‌കരിച്ച് പോന്ന ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടന്ന ദിവസമാണ്, യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് എന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. ഇത്തരം ധാര്‍ഷ്ട്യം നിറഞ്ഞ പ്രസ്താവനയ്‌ക്കെതിരേ ജനാധിപത്യ, മതേതരവാദികള്‍ രംഗത്തുവരേണ്ടിയിരിക്കുന്നു.
ഇന്ത്യ യഥാർഥത്തിൽ സ്വതന്ത്രമായത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടെയാണെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രസ്താവന. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ ഇസ്രായേൽ ഏറെ മുന്നേറി. ഇന്ത്യ അപ്പോഴും ദാരിദ്യത്തിൽ തുടർന്നു. ഇന്ത്യയുടെ അതിജീവനം രാമക്ഷേത്രത്തിലൂടെ യാഥാർഥ്യമാകും. രാമക്ഷേത്ര പ്രതിഷ്ഠാദിനം 'പ്രതിഷ്ഠാ ദ്വാദശി'യായി ആഘോഷിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടിരുന്നു.
ഇൻഡോറിൽ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാർഡ് സമ്മാനിച്ച് സംസാരിക്കവെയാണ് ഭാഗവതിന്റെ വിവാദ പ്രസ്താവന.
Adjust Story Font
16