'പാൻ ഇന്ത്യൻ മലയാള സിനിമകളുണ്ടാകുന്നു'; കേരളീയത്തിൽ സംസാരിച്ചും സെൽഫിയെടുത്തും മോഹൻലാൽ
കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു
തിരുവനന്തപുരം: കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചും സെൽഫിയെടുത്തും നടൻ മോഹൻലാൽ. നാളത്തെ കേരളം എങ്ങനെയാണെന്ന് ചിന്തകളാണ് കേരളീയം മുന്നോട്ട് വെച്ചിട്ടുള്ളതെന്നും അതിൽ സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ചിന്തകളും ഉൾപ്പെടുന്നുണ്ടെന്നും മലയാള സിനിമാരംഗം ഭൂമി ശാസ്ത്രപരവും ഭാഷപരവുമായ അതിർത്തികൾ കടന്ന് മുന്നേറുകയാണെന്നും നടൻ പറഞ്ഞു. പാൻ ഇന്ത്യൻ മലയാള സിനിമകൾ ഇനിയുമുണ്ടാകേണ്ടതുണ്ടെന്നും പ്രേക്ഷക ബന്ധത്തെ ശക്തിപ്പെടുത്താനുള്ള ഈ കാര്യത്തിന് ഫിലിം ഫെഡറേഷൻ മുൻകൈയെടുക്കാമെന്നും ഓർമിപ്പിച്ചു.
മലയാളിയായതിലും കേരളത്തിൽ ജനിച്ചതിലും താൻ അഭിമാനിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കേരളീയം ഉദ്ഘാടന വേദിയിൽ ഇടം നൽകിയതിന് മുഖ്യമന്ത്രിയോടും മറ്റു ബന്ധപ്പെട്ടവരോടും താരം നന്ദി പറഞ്ഞു. തിരുവനന്തപുരം തന്റെയും കൂടി നഗരമാണെന്നും ഇത്രത്തോളം തനിക്ക് പരിചയമുള്ള നഗരം വേറെയില്ലെന്നും പറഞ്ഞു. കേരളീയത്തിന്റെ അംബാസിഡർമാരായ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹാസൻ, ശോഭന എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെൽഫിയെടുത്തു.
ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാർഡ്' മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
Adjust Story Font
16