'അമ്മ'യില്‍ പൊട്ടിത്തെറി; മോഹന്‍ലാല്‍ രാജിവെച്ചു, ഭരണസമിതി പിരിച്ചുവിട്ടു
17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു
കൊച്ചി: നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17 ഭരണസമിതി അംഗങ്ങളും രാജിവെച്ചു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ 'അമ്മ'സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്നാണ് വിശദീകരണം. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നൽകുന്ന കൈനീട്ടവും ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങളെന്നും വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദിയെന്നും വിശദീകരണത്തിലുണ്ട്.
അഡ്ഹോക് കമ്മിറ്റി ഉടൻ നിലവിൽ വരും. നിലവിലുള്ള സമിതി താത്കാലിക സമിതിയായി തുടരും. പുതിയ സമിതി രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും
യുവനടിയുടെ ലൈംഗികാരോപണത്തിനു പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ധിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ അംഗങ്ങളായ മുകേഷ് അടക്കമുള്ളവർക്കെതിരെ ആരോപണം ഉയരുകയുണ്ടായി. സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ ജനറൽ സെക്രട്ടറിയുടെ താല്കാലിക ചുമതല വഹിച്ചിരുന്ന നടൻ ബാബു രാജിനെതിരെയും പരാതി ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സ്വീകരിച്ച നിലപാടിൽ വലിയ വിമർശനം സംഘടനയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ഭരണ സമിതി പിരിച്ചുവിട്ടത്. പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന മോഹൻലാൽ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരുന്നില്ല എന്നതും വിമർശനത്തിന് വഴിവെച്ചിരുന്നു.
മോഹൻ ലാൽ, ജദഗീഷ്, ജയൻ ചേർത്തല, സിദ്ദിഖ്, ബാബുരാജ്, ഉണ്ണിമുകുന്ദൻ, അനന്യ, അൻസിബ ഹസ്സൻ, ജോയ് മാത്യു, ജോമോൾ, കലാഭവൻ ഷാജോൺ, സരയൂ മോഹൻ, സുരാജ് വെഞ്ഞാറമ്മൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരായിരുന്നു അമ്മയുടെ ഭരണസമിതി അംഗങ്ങൾ.
Adjust Story Font
16