'40 ലക്ഷത്തിന്റെ നിക്ഷേപം കണ്ടുകെട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം'; നിഷേധിച്ച് എ.സി മൊയ്തീൻ എംഎൽഎ
'സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്'
തൃശൂർ: തന്റെ 40 ലക്ഷം രൂപയുടെ നിക്ഷേപങ്ങൾ കണ്ടുകെട്ടിയെന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും തന്റെ ബാങ്ക് അക്കൗണ്ടുകളോ ഡെപ്പോസിറ്റുകളോ കണ്ടുകെട്ടിയിട്ടില്ലെന്നും സിപിഎം നേതാവും കുന്നംകുളം എംഎൽഎയുമായ എ.സി മൊയ്തീൻ. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയവേട്ടയാടലിന്റെ ഭാഗമാണ് ഇപ്പോഴത്തെ വാർത്തയെന്നും അദ്ദേഹം വാർത്താകുറിപ്പിൽ ആരോപിച്ചു.
'22-08-2023 തിയ്യതിയാണ് പനങ്ങാട്ടുകരയിലെ എന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള രേഖകൾ ആ പരിശോധനയിൽ കണ്ടുകെട്ടിയിട്ടില്ല. ഇക്കാര്യം അവരുടെ തന്നെ മഹസ്സറിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഭാര്യയുടേയും മകളുടേയും പേരിലുള്ള ഏതാനും ഡെപ്പോസിറ്റുകൾ മരവിപ്പിച്ചുവെന്ന് കാണിച്ച് പരിശോധന ഉദ്യോഗസ്ഥർ അറിയിപ്പ് നൽകി. പിറ്റേന്ന് 23-08-2023 തീയ്യതി വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച പത്രപ്രസ്താവന പ്രകാരം എന്റെയും ഭാര്യയുടേയും കൈവശത്തിലുള്ളതായ 28 ലക്ഷം രൂപ മൂല്യം വരുന്ന ഫിക്‌സഡ് ഡെപ്പോസിറ്റുകളും ബാങ്ക് ഡെപ്പോസിറ്റുകളും കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മരവിപ്പിച്ചതായി വാർത്ത കാണാനിടയായി. തുടർന്ന് ഇക്കാര്യത്തിൽ ഞാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എന്റെ വിശദീകരണം സമർപ്പിച്ചു. മരവിപ്പിച്ചുവെന്ന് പറയുന്ന ഭാര്യയുടേയും മകളുടേയും ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ ഉറവിടമടക്കം രേഖകൾ സഹിതം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഹാജരാക്കി നൽകി. ഇക്കാര്യത്തിൽ ഡെപ്പോസിറ്റുകളുടെ കൈവശക്കാരായ എന്റെ ഭാര്യയും മകളും യഥാർത്ഥ സ്ഥിതികളെ സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർക്ക് 8/09/2023 തീയ്യതിയ്ക്ക് വിശദീകരണം നൽകുകയും പ്രസ്തുത നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ടിരുന്നതുമാണ്. ഇക്കാര്യത്തിൽ രണ്ട് പേരും പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ വിശദീകരണവും രേഖകളും ഹാജരാക്കി നൽകിയിരുന്നതുമാണ്. എന്റെ പേരിൽ മന്ത്രിയും നിയമസഭാംഗവും എന്ന നിലയിൽ തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ട്രഷറി അക്കൗണ്ടിൽ നിന്ന് എന്റെ ഭാര്യയുടെ യൂണിയൻ ബാങ്ക് വടക്കാഞ്ചേരി ശാഖയിലേയ്ക്ക് ബാങ്ക് ട്രാൻസ്ഫർ ആയി അയച്ചുനൽകിയ പത്ത് ലക്ഷം രൂപയാണ് സ്ഥിരനിക്ഷേപമായി ബാങ്കിലുള്ളത്. ഭാര്യയുടെ പേരിലുള്ള ഈ നിക്ഷേപമാണ് മരവിപ്പിച്ചതായി കാണിച്ച് എനിക്ക് അറിയിപ്പ് ലഭിച്ചത്. ഇക്കാര്യങ്ങൾ ബോധിപ്പിക്കുന്നതിനു വേണ്ടി, എന്റെ ട്രഷറി അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ഭാര്യയുടെ അക്കൗണ്ട് സ്റ്റേറ്റുമെന്റും സഹിതം എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സമർപ്പിച്ചിട്ടുണ്ട്' എ.സി മൊയ്തീൻ പറഞ്ഞു.
'എന്റെ ഭാര്യ ആരോഗ്യവകുപ്പിൽ നിന്ന് 2018ൽ റിട്ടയർ ചെയ്ത ആളാണ്. ഭാര്യയുടെ സാലറി അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വടക്കാഞ്ചേരി ശാഖയിൽ നിന്ന് റിട്ടയർമെന്റ് ആനുകൂല്യമായി ലഭിച്ച തുകയിൽ നിന്ന് 20 ലക്ഷം രൂപ മച്ചാട് പരസ്പരസഹായ സഹകരണ സംഘത്തിലേയ്ക്ക് ചെക്ക് മുഖാന്തിരം നൽകുകയും ആയത് ഭാര്യയുടെ പേരിൽ തന്നെ സ്ഥിരനിക്ഷേപമായി ഇട്ടിരുന്നതുമാണ്. പിന്നീട് ഈ ഡെപ്പോസിറ്റുകൾ ഞങ്ങളുടെ ഏകമകളുടെ പേരിൽ അതേ സംഘത്തിലുള്ള അക്കൗണ്ടിലേയ്ക്ക് അക്കൗണ്ട് ട്രാൻസ്ഫർ മുഖാന്തിരം കൈമാറി. മേൽപ്പറഞ്ഞ ഡെപ്പോസിറ്റിലെ 18 എണ്ണവും എന്റെ ഭാര്യയുടെ പേരിലുള്ള യൂണിയൻ ബാങ്ക് വടക്കാഞ്ചേരി ശാഖയിലെ 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവുമാണ് മരവിപ്പിച്ചതായി കാണിച്ചത്. ഇക്കാര്യത്തിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജുഡികേറ്റിങ് അതോറിറ്റി മുമ്പാകെ ഹിയറിംഗ് നടക്കുകയും ഇക്കാര്യങ്ങൾ വിചാരണ മധ്യേ അഭിഭാഷകൻ മുഖാന്തിരം ഹാജരായി ബോധിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. പറയപ്പെട്ട സംഖ്യകൾ മുഴുവൻ എനിക്ക് ജനപ്രതിനിധി എന്ന നിലയിലും ഭാര്യക്ക് സർക്കാർ ജീവനക്കാരി എന്ന നിലയിലും നിയമപരമായി ലഭ്യമായതാണ്. സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നയിച്ചുവരുന്ന എന്റെയും കുടുംബത്തിന്റെയും എല്ലാ വരുമാനവും സമ്പാദ്യവും നൂറ് ശതമാനം നിയമവിധേയമാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് നൽകിയ രേഖകളിൽ ഏതെങ്കിലും തരത്തിൽ വിശദീകരണമോ സംശയമോ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഭാഗത്തു നിന്ന് ഉന്നയിച്ചിട്ടില്ലാത്തതാണ്' മൊയ്തീൻ അവകാശപ്പെട്ടു.
കേസന്വേഷണം തുടരുന്നതിനാൽ അക്കൗണ്ട് മരവിപ്പിച്ച നടപടികൾ പിൻവലിക്കരുതെന്ന് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയോട് ആവശ്യപ്പെട്ടതായാണ് താൻ മനസ്സിലാക്കുന്നതെന്നും ഇത് തന്റെ സ്വത്ത് കണ്ട് കെട്ടി എന്ന രീതിയിൽ വാർത്ത വരുന്നത് പ്രതിഷേധാർഹമാണെന്നും മൊയ്തീൻ പറഞ്ഞു. ഇക്കാര്യത്തിൽ, നീതിരഹിതമായ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നിലപാടിനെതിരെ താനും കുടുംബവും തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Adjust Story Font
16