നല്‍കുന്ന തുകയുടെ ഇരട്ടി തിരിച്ചു തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; തമിഴ്‌നാട് സംഘം പിടിയില്‍
അഞ്ചൽ സ്വദേശിയായ സുൽഫിയിൽ നിന്ന് രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ സംഘം കൈപ്പറ്റി. തിരികെ 4,80,000 രൂപ നൽകാം എന്നായിരുന്നു ഉറപ്പ്.
കൊല്ലം അഞ്ചലിൽ തമിഴ്നാട് കേന്ദ്രീകരിച്ച് പണം തട്ടിയ സംഘത്തിലെ മൂന്നു പേർ പിടിയിൽ. മധുര സ്വാദേശികളായ വീരഭന്ദ്രൻ, മണികണ്ഠൻ, സിറാജ്ജുദ്ധീൻ എന്നിവരാണ് പിടിയിലായത്. അഞ്ചലിലെ ലോഡ്ജിൽ മുറിയെടുത്താണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. നൽകുന്ന തുകയുടെ ഇരട്ടി നൽകാം എന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. അഞ്ചൽ സ്വദേശിയായ സുൽഫിയിൽ നിന്ന് രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ സംഘം കൈപ്പറ്റി. തിരികെ 4,80,000 രൂപ നൽകാം എന്നായിരുന്നു ഉറപ്പ്. കഴിഞ്ഞ ദിവസം അഞ്ചലിലെ ലോഡ്ജിൽ വച്ച് പണം കൈമാറിയ ശേഷം സംഘം മടങ്ങി. 4,80,000 രൂപയുടെ സ്ഥാനത്ത് ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകളും ബാക്കി പേപ്പർ കഷ്ണങ്ങളുമായിരുന്നു.
തട്ടിപ്പ് മനസ്സിലായ സുൽഫി സുഹൃത്തുക്കളുമായി സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നു. അഞ്ചൽ കൈപള്ളിമുക്കിന് സമീപത്തുവച്ച് പിടികൂടി. തുടർന്ന് സംഘർഷം ഉണ്ടായി. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തമിഴ്നാട് സംഘത്തെയും ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് 645000 രൂപ കണ്ടെടുത്തു. നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം. കാസർകോട് കേന്ദ്രീകരിച്ച് നോട്ടിരട്ടിപ്പിൻറെ പേരിൽ രണ്ട് കോടി തട്ടിയ സംഘവുമായി ഇവർക്ക് ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു.
Adjust Story Font
16