കുരങ്ങുവസൂരി: കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്; റാൺഡം പരിശോധനക്ക് ആരോഗ്യവകുപ്പ്
ചിക്കൻ പോക്‌സ് ലക്ഷണമുള്ളവർക്കും നിരീക്ഷണം
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം ജില്ല കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ റാൻഡമായി പരിശോധിക്കാനാണ് ആരോഗ്യവകുപ്പിൻറെ തീരുമാനം. രോഗിയുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലെ കേന്ദ്രനിർദേശങ്ങളാണ് പ്രധാനമായും ചർച്ചയായത്.
രോഗം സ്ഥിരീകരിച്ച കൊല്ലം ജില്ലയിലെ സ്ഥിതിയും ഇന്ന് കേന്ദ്രസംഘം വിലയിരുത്തും.നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ജോയിന്റ് ഡയറക്ടർ ഡോ. സാങ്കേത് കുൽക്കർണിയും ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രനും അടക്കം നാല് പേരാണ് സംഘത്തിലുള്ളത്.
ചിക്കൻപോക്‌സ് ലക്ഷണമുള്ളവരേയും പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അവർക്ക് കുരങ്ങ് വസൂരി ഇല്ലെന്ന് ഉറപ്പിക്കാനാണ് നിരീക്ഷണം. മറ്റാളുകളിലേക്ക് രോഗമെത്തിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ റാൺഡമായി പരിശോധിക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണവും കൂടുതൽ ശക്തമാക്കും. യാത്രക്കാരിൽ രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിന് സംവിധാനമൊരുക്കും. രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും ആരോഗ്യവകുപ്പിൻറെ നിരീക്ഷണത്തിലാണ്.
Adjust Story Font
16