Quantcast

പുരാവസ്തു തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിനെ ഇ.ഡി ചോദ്യം ചെയ്തു

വ്യാജ പുരാവസ്തു വിൽപ്പനയുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ

MediaOne Logo

Web Desk

  • Updated:

    2022-06-19 12:30:37.0

Published:

19 Jun 2022 12:28 PM GMT

പുരാവസ്തു തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിനെ ഇ.ഡി ചോദ്യം ചെയ്തു
X

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യാജ പുരാവസ്തു വിൽപ്പനയുടെ മറവിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന കേസിലായിരുന്നു ചോദ്യം ചെയ്യൽ. നിയമസഭയിൽ കയറി വിവാദത്തിലായിരിക്കുന്ന അനിത പുല്ലയിലിനെയും അടുത്ത ദിവസം ഇഡി ചോദ്യം ചെയ്യും. 2021 നവംബറിലാണ് ഇഡി പുരാവസ്തു തട്ടിപ്പിനെ തുടർന്നുണ്ടായ കള്ളപ്പണ ഇടപാടുകളിൽ കേസെടുത്തത്. മോൻസൺ, മോൻസണിന്റെ ഡ്രൈവർ അജി, മേക്കപ്പ്മാൻ ഷാജി എന്നിവർക്കെതിരെയാണ് കേസ്.

മോൻസൺ മാവുങ്കലിനെതിരെ ശ്രീവത്സം ഗ്രൂപ്പ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടർന്നാണ് ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. 6.7 കോടി രൂപയുടെ തട്ടിപ്പ് മോൻസൺ നടത്തിയെന്നാണ് ശ്രീവത്സം ഗ്രൂപ്പിന്റെ പരാതി. മോൻസണിന് പിന്നാലെ നടൻ മോഹൻലാലിനെയും ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. മോൻസണിന്റെ മ്യൂസിയം മോഹൻലാൽ സന്ദർശിച്ചിരുന്നു. ഇതേത്തുടർന്നാണ് മോഹൻലാലിനെ ചോദ്യംചെയ്തത്. അടുത്ത ദിവസം തന്നെ കേസിൽ തട്ടിപ്പുകളുടെ ഇടനിലക്കാരിയായി പ്രവർത്തിച്ച അനിത പുല്ലയിലിനെയും ഇഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പല പ്രമുഖർക്കും മോൻസണിനും ഇടനിലക്കാരിയായി പ്രവർത്തിച്ചത് അനിതയാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പത്ത് കോടി രൂപയുടെ ഇടപാടുകൾ പുരാവസ്തുക്കളുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അനിതയെ ചോദ്യം ചെയ്യുന്നത്. പണത്തിന്റെ സ്രോതസ്, കള്ളപ്പണം വെളുപ്പിക്കലുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അനിതയിൽ നിന്ന് ഇഡിയ്ക്ക് അറിയേണ്ടത്. എന്നാൽ മോൻസൺ പറഞ്ഞ 18 ലക്ഷത്തിന്റെ കഥ കള്ളമാണെന്ന് അനിത മീഡിയവണിനോട് പ്രതികരിച്ചു.

അതേസമയം, ക്രൈംബ്രാഞ്ചും അനിത പുല്ലയിലിനെ ചോദ്യം ചെയ്തു. മോൻസൺ പ്രതിയായ ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ. ഇരയാണെന്ന് അറിഞ്ഞില്ലെന്നാണ് അനിത നൽകിയ മൊഴി. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യംചെയ്യൽ.പുരാവസ്തു തട്ടിപ്പിന് പിന്നാലെയാണ് സ്വന്തം ഓഫീസിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി മോൻസണെതിരെ ഉയർന്നത്. ഇരയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് അനിത അന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയർന്ന് മാസങ്ങൾക്ക് ശേഷമാണ് ചോദ്യംചെയ്യൽ.

അതേസമയം, അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിലെത്തിയത് ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭ സമുച്ചയത്തിൽ എത്തിയത് വിവാദമായതോടെയാണ് സ്പീക്കറുടെ ഓഫീസ് വിശദീകരണവുമായി എത്തിയത്. സമ്മേളനത്തിന്റെ ക്ഷണിക്കപ്പെട്ട അതിഥികളുടെ പട്ടികയിൽ അനിത ഇല്ലായിരുന്നുവെന്നും സമ്മേളനത്തിൽ അവർ പങ്കെടുത്തിട്ടില്ലെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാണ് നിയമസഭ സമുച്ചയത്തിൽ അനിത പ്രവേശിച്ചതെന്ന് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ മീഡിയവണ്ണിനോട് പറഞ്ഞു.

ഓപ്പൺ ഫോറത്തിലാണ് പങ്കെടുത്തതെന്ന് അനിത പുല്ലയിൽ സ്ഥിരീകരിച്ചു. നിയമസഭയിലെ മറ്റ് പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നും അനിത മീഡിയവണ്ണിനോട് പറഞ്ഞു. അനിത സഭ സമുച്ചയത്തിൽ എങ്ങനെ എത്തി എന്നത് മനസിലാക്കാൻ സിസി ടിവി പരിശോധിക്കാൻ നിയമസഭ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതേസമയം എംഎൽഎമാർക്ക് വരെ പാസ് വേണ്ട സ്ഥലത്ത് അനിത എങ്ങനെ എത്തിയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്

അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും. ലോക കേരള സഭ നടന്ന നിയമസഭാ സമുച്ചയത്തിൽ രണ്ട് ദിവസവും അനിത ഉണ്ടായിരുന്നു. വിവാദ കേസിൽ അകപ്പെട്ടയാളെ സർക്കാർ ക്ഷണിച്ചുവെന്ന പ്രചാരണമായിരിക്കും പ്രതിപക്ഷം നടത്തുക. എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നൽകാനാണ് സർക്കാർ നീക്കം. സഭാ സമ്മേളനത്തിന്റെ അതിഥി പട്ടികയിൽ അനിതയുടെ പേരില്ലാത്തതും സർക്കാർ ഉയർത്തിക്കാട്ടും. ക്ഷണിക്കാത്തയാൾ രണ്ട് ദിവസം നിയമസഭ സമുച്ചയത്തിൽ എങ്ങനെ നിന്നു എന്ന മറു ചോദ്യമായിരിക്കും പ്രതിപക്ഷം ഉയർത്തുക.


Monson Maungkal questioned by Enforcement Directorate in archeology fraud case

TAGS :

Next Story