പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം തുടരുന്നു; ഇന്ന് തെളിവെടുപ്പ്
മോന്‍സനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും
പുരാവസ്തു തട്ടിപ്പ് കേസിൽ ശില്‍പ്പി സുരേഷിന്‍റെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സനെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. കേസില്‍ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടരും.
താന്‍ നിര്‍മിച്ച വിഗ്രഹങ്ങള്‍ പുരാവസ്തുവെന്ന പേരില്‍ മോന്‍സണ്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി മുട്ടത്തറ സ്വദേശി സുരേഷ് നല്‍കിയ പരാതിയിലാണ് ഇന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തുക. മോന്‍സണ്‍ 75 ലക്ഷം രൂപ തട്ടിച്ചുവെന്നും ഇതുമൂലം സാമ്പത്തികമായി തകര്‍ന്നുവെന്നും സുരേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ ഇന്ന് മോന്‍സണെ ചേര്‍ത്തലയിലെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തും.
മോന്‍സണെ ചോദ്യംചെയ്തതില്‍ നിന്ന് വ്യാജരേഖകള്‍ ചമക്കാന്‍ സഹായിച്ചവരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുവാണ് ഇതിനായി സഹായം ചെയ്തതെന്നാണ് വിവരം. പരാതിക്കാരുടെ മൊഴിയെടുപ്പും തെളിവ് ശേഖരണവും ഇന്നും തുടരും.
ഭൂമി പാട്ടത്തിന് നൽകാമെന്ന പേരിൽ ഒരു കോടി 72 ലക്ഷം രൂപ മോൻസൺ തട്ടിയെടുത്തുവെന്ന് പരാതി നൽകിയ രാജീവിന്‍റെ മൊഴിയാണ് ഇന്നലെ പ്രധാനമായും രേഖപ്പെടുത്തിയത്. പരാതിക്കാരുടെ കൈവശമുള്ള ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ശേഖരിക്കുന്ന നടപടികളാണ് മുന്നോട്ട് പോകുന്നത്. മോന്‍സണ്‍ നേരിട്ടും സഹായികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയും നടത്തിയ ഇടപാടുകളുടെ രേഖകളും പരിശോധിച്ച് വരികയാണ്. മോന്‍സന്‍റെ വീട്ടില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിശോധന ഇന്നും തുടരും.
Adjust Story Font
16