Quantcast

മാസപ്പടി വിവാദം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സംരക്ഷണം തീർത്ത് സി.പി.എം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വീണക്കെതിരെ വാർത്ത വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    10 Aug 2023 3:00 PM GMT

മാസപ്പടി വിവാദം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സംരക്ഷണം തീർത്ത് സി.പി.എം
X

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും സംരക്ഷണം തീർത്ത് സി.പി.എം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വീണക്കെതിരെ വാർത്ത വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.എം ആരോപിച്ചു. സി.എം.ആർ.എൽ വീണയ്ക്ക് പണം നൽകിയത് നിയമപരമായി ആണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വാർത്ത കുറിപ്പിൽ പറയുന്നു.

മാസപ്പിടി വിവാദം പ്രതിപക്ഷം വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തിയില്ലെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയോ വീണയോ ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രിക്കും മകൾക്കും സംരക്ഷണം തീർത്ത് സിപിഎം എത്തിയത്. യാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത വാർത്തയാണ് വീണക്കെതിരെ വന്നത്. സി.എം.ആർ.എൽ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് നിയമാനുസൃതമായിട്ടാണ്. വാർഷികാടിസ്ഥാനത്തിലുള്ള പണം മാസപ്പടിയായി ചിത്രീകരിച്ചു.

സി.എം.ആർ.എൽ കമ്പനിയും ആദായനികുതി വകുപ്പും തമ്മിലുള്ള വിഷയത്തിൽ വീണ കക്ഷി അല്ല. വീണയ്ക്ക് പറയാനുള്ളത് കേട്ടിട്ടുമില്ല. എന്നിട്ടും വീണയെ ഇതിൽ ബന്ധിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പറയുന്നത്. രാഷ്ട്രീയപ്രവർത്തകരുടെ മക്കൾക്കും നിയമാനുസൃതം ജോലി ചെയ്യാനുള്ള അവകാശമുണ്ട്. മുഖ്യമന്ത്രിക്ക് വിഷയത്തിൽ ഒരു ബന്ധവുമില്ല എന്നാണ് സി.പി.എം നിലപാട്.

വീണയുമായി ബന്ധമില്ലാത്ത ഒരു വിഷയത്തിൽ അവരുടെ പേര് ഉൾപ്പെടുത്തിയതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ നീക്കവും സി.പി.എം സംശയിക്കുന്നുണ്ട്. ഈ കള്ളക്കഥയും കാലത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ സ്ഥാനം പിടിക്കുമെന്ന് പറഞ്ഞാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന അവസാനിക്കുന്നത്.

TAGS :

Next Story