Quantcast

കോവിഡ് വ്യാപനം അതിതീവ്രം: ഗ്രാമീണ മേഖലകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കും

ജപ്തി പോലുള്ള നടപടികള്‍ ബാങ്കുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    6 May 2021 1:24 AM GMT

കോവിഡ് വ്യാപനം അതിതീവ്രം: ഗ്രാമീണ മേഖലകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കും
X

സംസ്ഥാനത്തെ കർശന നിയന്ത്രണങ്ങളും പൊലീസ് പരിശോധനയും ഇന്നും തുടരും. കോവിഡ് വ്യാപനം രൂക്ഷമായതോടെ ഗ്രാമീണ മേഖലകളിലും നിയന്ത്രണങ്ങൾ കടുപ്പിക്കും. ജനങ്ങൾ കഴിയുന്നത്ര വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇളവ് ബാധകം. ഞായറാഴ്ച വരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തീരുമാനിക്കും. ഒരാഴ്ച കൂടി കർശന നിയന്ത്രണം തുടരാനാണ് സർക്കാർ ആലോചിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയില്‍ ജപ്തി പോലുള്ള നടപടികള്‍ ബാങ്കുകള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജല, വൈദ്യുതി കുടിശ്ശിക പിരിക്കുന്നത് ഒഴിവാക്കണം. രോഗതീവ്രത കൂടിയ ജില്ലകളില്‍ കര്‍ശനമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ഓരോ ദിവസവും കോവിഡ് രോഗതീവ്രത കൂടി വരുന്ന സാഹചര്യത്തില്‍ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ കോവിഡ് കാലത്തിലേത് പോലെ ബാങ്കുകള്‍ക്കും ജല വൈദ്യുത സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശ്ശികകൾ പിരിക്കുന്നത് രണ്ട് മാസത്തേക്ക് നിർത്തി വെക്കും. ബാങ്ക് റിക്കവറികൾ നീട്ടി വെക്കാൻ ബാങ്കുകളോട് അഭ്യർത്ഥിക്കും. ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ സിഎഫ്എൽടിസികൾ ആക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തും. വാർഡ് തല സമിതികളിലും റാപിഡ് റെസ്പോൺസ് ടീമിലും പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ നിർദേശം നൽകും. രണ്ടാമത് ഡോസ് വാക്സിന്‍ സ്വീകരിക്കേണ്ടവര്‍ തിരക്ക് കൂട്ടേണ്ടതില്ലെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി

രണ്ടാമത്തെ ഡോസ് വാക്സിൻ 3 മാസം കഴിഞ്ഞ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പുതിയ പഠന റിപ്പോർട്ട് വന്നിട്ടുണ്ട്. ഓക്സിജൻ ലഭ്യതയുടെ കാര്യത്തിൽ നിലവിൽ പ്രശ്നമില്ല. പ്രൈവറ്റ് ആശുപത്രികളില്‍ ആവശ്യത്തിന് ഓക്സിജൻ ലഭിക്കണം. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങി വീട്ടിൽ എത്തിക്കാൻ പൊലീസിന്റെ സഹായം തേടാം. ഇതിനായി പൊലീസ് ആസ്ഥാനത്തെ പൊലീസ് കൺട്രോൾ റൂമിൽ 112 എന്ന നമ്പറിൽ ഏതുസമയവും ബന്ധപ്പെടാം. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തവരും മറ്റ് അസുഖങ്ങൾ ഇല്ലാത്തവരും വീട്ടിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

TAGS :

Next Story