പാർലമെന്റ് അതിക്രമത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്ക്; ബിജെപി എംപി പ്രതാപ് സിംഹയെ ചോദ്യംചെയ്യും
പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയിൽ രാജ്യസഭയും ലോക്സഭയും ഇന്നും പ്രക്ഷുബ്ധമാകും
ഡൽഹി: പാര്‍ലമെന്‍റ് അതിക്രമത്തിൽ ബിജെപി എംപി പ്രതാപ് സിംഹയെ പൊലീസ് ഉടന്‍ ചോദ്യംചെയ്യും. അതിക്രമത്തിന്റെ ആസൂത്രണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയിൽ രാജ്യസഭയും ലോക്സഭയും ഇന്നും പ്രക്ഷുബ്ധമാകും.
പാര്‍ലമെന്‍റ് അതിക്രമത്തിൽ ബിജെപി എംപി പ്രതാപ് സിംഹയെ ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യം ചെയ്തേക്കാം എന്നാണ് സൂചന. പാര്‍ലമെന്‍റില്‍ കയറി പ്രതിഷേധിച്ച മനോരഞ്ജനും സാഗര്‍ ശര്‍മയ്ക്കും സന്ദര്‍ശക പാസ് അനുവദിച്ചത് ബിജെപി എംപിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി പാർലമെന്റിൽ കടന്നു കയറാനുള്ള പദ്ധതികൾ പ്രതികൾ തയ്യാറാക്കുകയായിരുന്നു. ആസൂത്രണത്തോെടെ നടന്ന ആക്രമണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
കേസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും ആവശ്യപ്പെട്ട് പ്രതി നീലം ആസാദിന്റെ മാതാപിതാക്കൾ നൽകിയ ഹരജിയിൽ ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ വിഷയത്തിൽ പാർലമെന്റിൽ വിശദീകരിക്കാതെ മാധ്യമങ്ങളിൽ പ്രതികരിച്ചതിൽ പ്രതിപക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്.
സുരക്ഷ വീഴ്ച ഇരുസഭകളും നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പാർലമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്ത 14 എംപിമാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും. അതേസമയം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്പീക്കർ സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ നിലപാട്.
Adjust Story Font
16