Quantcast

വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും

ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിക്കുക

MediaOne Logo

Web Desk

  • Updated:

    2022-11-29 00:58:26.0

Published:

29 Nov 2022 12:48 AM GMT

വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും
X

പൊലീസ് സ്റ്റേഷന് നേരെ ആക്രമണമുണ്ടായ വിഴിഞ്ഞത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കും. സംഘർഷത്തിലേർപ്പെട്ട പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടപടി തുടരുകയാണ്. അതിനിടെ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ ഇന്ന് സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

വിഴിഞ്ഞം നിലവിൽ ശാന്തമാണെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ വർധിപ്പിക്കാനാണ് തീരുമാനം. ശബരിമലയിൽ അധിക ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് വിഴിഞ്ഞത്ത് നിയോഗിക്കുക. പ്രതിഷേധത്തിനിടെ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡ് ആക്രമിച്ച പ്രതിഷേധക്കാർ 8 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ഈ ആക്രമണത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല.

സമരം കാരണം തുറമുഖ നിർമാണം അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് ആരോപണങ്ങൾക്ക് വിശദീകരണം നൽകാൻ സർക്കാർ ഒരുങ്ങുന്നത്. നിർമാണ കമ്പനിയായ വിസിൽ സംഘടിപ്പിക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമരം അക്രമാസക്തമായതിന് പിന്നാലെ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനങ്ങൾക്കും സാധ്യതയുണ്ട്. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലടക്കം ആറ് മന്ത്രിമാര്‍ സെമിനാറിൽ പങ്കെടുക്കും.

അതിനിടെ തുറമുഖ നിർമാണ കേന്ദ്രത്തിന് മുന്നിലെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാണ് സമര സമിതിയുടെ തീരുമാനം. 6 ഇടവകകളിൽ നിന്നുള്ള പ്രതിഷേധക്കാർ ഇന്ന് സമരപ്പന്തലിൽ എത്തും.

TAGS :

Next Story