Quantcast

വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസ് സേന; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം

1200 പൊലീസുകാരെ സ്ഥലത്തെത്തിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-27 19:41:22.0

Published:

27 Nov 2022 6:43 PM GMT

വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസ് സേന; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ തീരുമാനം.1200 പൊലീസുകാരെ സ്ഥലത്തെത്തിക്കും. അടൂർ, റാന്നി ക്യാമ്പുകളിൽ നിന്ന് കൂടുതൽ പൊലീസുകാരെ വിളിപ്പിച്ചു. എറണാകുളത്ത് നിന്നും പൊലീസുകാരെ എത്തിക്കാൻ നീക്കമുണ്ട്. കൂടാതെ തിരുവനന്തപുരത്തെ പൊലീസുകാരോട് സജ്ജരായിരിക്കാനും നിർദേശം നൽകി.

സംസ്ഥാനത്തെ തീരപ്രദേശ മേഖലകളിൽ ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. കോസ്റ്റൽ പൊലീസടക്കം സജ്ജമായിരിക്കണമെന്നാണ് നിർദേശം. വിഴിഞ്ഞം പൊലീസ് പരിധിയിൽ ഏഴ് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം വിഴിഞ്ഞം സംഘർഷം അവസാനിപ്പിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സമര സമിതി നേതാക്കളുമായി നടത്തിയ ഒന്നാംഘട്ട ചർച്ച പൂർത്തിയായി. തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും രണ്ടാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും ഫാദർ യൂജിൻ പെരേര പറഞ്ഞു.

നിലവിൽ വിഴിഞ്ഞത്തെ സാഹചര്യം ഏകദേശം കൺട്രോളിലാണെന്നും 36 പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞു. നിലവിൽ സമാധാന സ്ഥിതിയാണെങ്കിലും പ്രതിഷേധക്കാർ സ്ഥലത്ത് തന്നെ തുടരുകയാണ്‌.

വൈകുന്നേരത്തോടെയാണ് ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്. കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. സ്ത്രീകൾ അടക്കമുള്ള സമരക്കാർ പൊലീസ് സ്റ്റേഷന് ഉള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. രണ്ട് പൊലിസ് ജീപ്പുകൾ പ്രതിഷേധക്കാർ തകർത്തു. വിഴിഞ്ഞം പൊലീസ് പരിധിയിൽ ഏഴ് ദിവസത്തേക്ക് മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലത്തെ സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്,സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേര ഉൾപ്പടെയുള്ളവരെ പ്രധാന പ്രതികളാക്കിയാണ് പൊലീസ് എഫ്‌ഐആർ ഇട്ടത്. സാമുദായിക സംഘർഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നു.

നിയമവിരുദ്ധമായി സംഘംചേരൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അമ്പതോളം വൈദികരെയാണ് ആകെ പ്രതികളാക്കിയിട്ടുള്ളത്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നും എഫ്‌ഐആറിലുണ്ട്. കോടതിയിൽ പ്രതിരോധത്തിലാക്കാനുള്ള ഗൂഢശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.

TAGS :

Next Story