Quantcast

ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു, കാര്‍ തട്ടിക്കൊണ്ടുപോയി: ചെര്‍പ്പുളശ്ശേരിയിലെ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് യുവാവ്

'വണ്ടി വിറ്റു എന്ന് തെളിയിക്കാനുള്ള രേഖ എന്ന് പറഞ്ഞ് സ്റ്റാമ്പ് പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീച്ചു'

MediaOne Logo

Web Desk

  • Updated:

    2021-06-23 05:24:27.0

Published:

23 Jun 2021 5:22 AM GMT

ഇരുമ്പുവടി കൊണ്ട് മര്‍ദിച്ചു, കാര്‍ തട്ടിക്കൊണ്ടുപോയി: ചെര്‍പ്പുളശ്ശേരിയിലെ സ്വര്‍ണക്കടത്ത് സംഘത്തെ കുറിച്ച് യുവാവ്
X

ചെർപ്പുളശ്ശേരിയിലെ സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ സംഘമായും പ്രവർത്തിക്കുന്നതായി വെളിപ്പെടുത്തൽ. പലരെയും ഭീഷണിപ്പെടുത്തി പല വസ്തുക്കളും ഇവർ സ്വന്തമാക്കിയിട്ടുണ്ടെന്ന് സംഘത്തിന്റെ മർദനത്തിന് ഇരയായ യുവാവ് മീഡിയവണിനോട് പറഞ്ഞു.

"കൂട്ടുകാരനെ വീട്ടിലാക്കി കാറില്‍ തിരിച്ചുവരികയായിരുന്നു. ചെറുപ്പുളശ്ശേരി സ്കൂള്‍ ഗ്രൌണ്ടിന്‍റെ സമീപത്തുവെച്ച് കൂടെയുണ്ടായിരുന്ന അഷ്റഫിന് വേണ്ടി ചേസ് ചെയ്ത് ഒരു സംഘം ആളുകള്‍ വന്നു. അവര്‍ ഞങ്ങളെ തട്ടിക്കൊണ്ടുപോയി. ക്രൂരമായി മര്‍ദിച്ചു. മൊബൈല്‍ അവര്‍ വാങ്ങിവെച്ചു. ഇരുമ്പ് വടി കൊണ്ടാണ് മര്‍ദിച്ചത്. അവര്‍ ഏഴ് പേരാണ് ആദ്യമുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ പേര്‍ വന്നു. 11 മണി മുതല്‍ പുലര്‍ച്ചെ വരെ മര്‍ദനം തുടര്‍ന്നു. അവര്‍ വണ്ടിയെടുത്തുകൊണ്ടുപോയി. വണ്ടി വിറ്റു എന്ന് തെളിയിക്കാനുള്ള രേഖ എന്ന് പറഞ്ഞ് സ്റ്റാമ്പ് പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പിടീച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആറ് മാസം കഴിഞ്ഞാണ് ഹൈക്കോടതി ഇടപെട്ട് വണ്ടി തിരിച്ചുതന്നത്. ഞാന്‍ ചെറുപ്പളശ്ശേരി സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. കേസ് നടക്കുകയാണ്".

അറുപതോളം പേര്‍ അക്രമി സംഘത്തിലുണ്ട്. ഇവരുടെ മര്‍ദനത്തിന് ഇരയായവരില്‍ പലരും തുറന്നുപറയാനോ കേസ് കൊടുക്കാനോ ഭയം കാരണം തയ്യാറല്ല. സംഘത്തിന്‍റെ ആക്രമണത്തില്‍ ഒരു യുവാവിന്‍റെ എട്ട് പല്ലുകള്‍ കൊഴിഞ്ഞു. ആശുപത്രിയില്‍ കയറി ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

അതിനിടെ രാമനാട്ടുകരയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒപ്പമുണ്ടായിരുന്ന കവര്‍ച്ചാസംഘം സഞ്ചരിച്ച ഒരു കാർ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. പാലക്കാട് വല്ലപ്പുഴ സ്വദേശി ഹുസ്സന്റെ ബലേനോ കാറാണ് കണ്ടെത്താനുള്ളത്. അപകടത്തിൽ മരിച്ച ഷഹീറാണ് തന്റെ കയ്യിൽ നിന്നും കാർ കൊണ്ടുപോയതെന്ന് വാഹന ഉടമ ഹുസ്സൻ പറഞ്ഞു. സുഹൃത്തിന് എന്ന് പറഞ്ഞാണ് വാഹനം കൊണ്ടുപോയത്. നിലവിൽ വാഹനം എവിടെയാണെന്ന് അറിയില്ലെന്നും ഹുസ്സൻ പറഞ്ഞു.

TAGS :

Next Story