ഭൂനികുതി, വെള്ളക്കരം, വാഹന രജിസ്ട്രേഷന്‍... ഇന്ന് മുതൽ നികുതിഭാരം കൂടും
പാരാസെറ്റാമോള്‍ ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയും കൂടും
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷമായ ഇന്ന് മുതൽ നികുതിഭാരം കൂടും. ഭൂമിയുടെ ന്യായവില വര്‍ധിച്ചു. അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനവാണ് നിലവില്‍ വന്നത്. കുടിവെള്ളത്തിനും മരുന്നിനുമടക്കം ഇന്ന് മുതല്‍ വിലകൂടി. പാരാസെറ്റാമോള്‍ ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തോളം മരുന്നുകളുടെ വിലയാണ് വര്‍ധിച്ചത്.
ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധനവാണ് നടപ്പിലായത്. ഇതുവഴി 200 കോടിയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ വിലയ്ക്ക് രജിസ്ട്രേഷന്‍ ചെലവില്‍ മാത്രം 1000 രൂപയുടെ വര്‍ധനയാണ് വരുന്നത്. ഡീസല്‍ വാഹനങ്ങളുടെ വിലയും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കലിനുള്ള ഫീസും വര്‍ധിച്ചു. പുതിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതിയും നിലവില്‍ വന്നു.
ഇതിനു പുറമെ കൂട്ടിയ വെള്ളക്കരം പ്രാബല്യത്തിൽ വന്നു. അഞ്ചു ശതമാനമാണ് വർധന. പ്രതിമാസം 5000 മുതൽ 15000 ലിറ്റർ വരെ ഉപയോഗിക്കുന്ന 35 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കാണ് കൂടുതൽ ബാധ്യത. 1000 ലിറ്ററിന് 4 രൂപ 20 പൈസ നൽകിയിരുന്നയിടത്ത് ഇനി 4 രൂപ 41 പൈസ നൽകണം. 1000 മുതല്‍ 5000 ലിറ്റര്‍ വരെ ഉപയോഗത്തിനുള്ള മിനിമം നിരക്ക് 21 രൂപയില്‍ നിന്ന് 22 രൂപ 05 പൈസയാകും.
പനി വന്നാൽ കഴിക്കുന്ന പാരാസെറ്റാമോൾ ഉൾപ്പെടെ ആവശ്യമരുന്നുകളുടെ മൊത്ത വിലയിൽ രാജ്യത്ത് 10 ശതമാനം വർധനയാണ് ഉണ്ടാവുക. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്ന് വില കൂടി ഉയരുന്നതോടെ കുടുംബ ബജറ്റിന്റെ താളംതെറ്റും. ഇതിനെല്ലാം പുറമെയാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
Adjust Story Font
16