Quantcast

"എന്‍റെ മോന്‍ ആരോടും ഒന്നും പറഞ്ഞില്ല, ഇപ്പോ അവന്‍ നല്ല ഉറക്കമല്ലേ മോനേ": 35 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് മരിച്ച യുവാവിന്‍റെ അമ്മ

35 വയസ്സുകാരനായ മനുവാണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-02-09 11:31:14.0

Published:

9 Feb 2022 11:25 AM GMT

എന്‍റെ മോന്‍ ആരോടും ഒന്നും പറഞ്ഞില്ല, ഇപ്പോ അവന്‍ നല്ല ഉറക്കമല്ലേ മോനേ: 35 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് മരിച്ച യുവാവിന്‍റെ അമ്മ
X

സിഗരറ്റ് വാങ്ങിയ വകയിൽ നൽകാനുള്ള 35 രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ യുവാവ് മരിച്ചു. പറവൂർ വാണിയക്കാട് സ്വദേശി 35 വയസ്സുകാരനായ മനുവാണ് മരിച്ചത്. ശനിയാഴ്ചയാണ് മനുവിന് മർദനമേറ്റത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മനു ഇന്ന് രാവിലെയാണ് മരിച്ചത്.

"മിനിഞ്ഞാന്ന് രാത്രി എന്‍റെ മോന്‍ ഉറങ്ങീട്ടില്ല. എന്‍റെ മോന്‍ ഇപ്പോ നല്ല ഉറക്കമല്ലേ.. മിനിഞ്ഞാന്ന് തൊഴിലുറപ്പിന് പോയിവന്നപ്പോ എന്‍റെ മോന്‍ വിറയ്ക്കുകയാണ് ഇവിടെക്കിടന്ന്. അങ്ങനെ ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്താ സംഭവിച്ചതെന്ന് അവന്‍ ആരോടും പറഞ്ഞില്ല. ശ്വാസം കിട്ടുന്നില്ല, തലയും വേദനയെടുക്കുന്നുവെന്ന് പറഞ്ഞു. റോഡിലിട്ട് തല്ലിയെന്ന് പിന്നെയാ പറഞ്ഞത്. വഴക്കുണ്ടാകുമെന്ന് കരുതി മൂത്തചേട്ടനോടു പോലും അവന്‍ ഒന്നും പറഞ്ഞില്ല. 35 രൂപ കൊടുക്കാനുണ്ടായിരുന്നു, അതിന്‍റെ പേരിലായിരുന്നു വഴക്കെന്നാ അറിഞ്ഞത്"- മനുവിന്‍റെ അമ്മ കണ്ണീരോടെ പറഞ്ഞു.

വാണിയക്കാട് ബീവറേജസിനു സമീപം കട നടത്തുന്ന സജ്ജനും അനുജന്‍ സാജുവും ചേർന്നാണ് മനുവിനെ മര്‍ദിച്ചത്. സിഗരറ്റ് വാങ്ങിയ ഇനത്തില്‍ 35 രൂപ നൽകണമെന്ന് സജ്ജൻ മനുവിനോട് ആവശ്യപ്പെട്ടു. ഇത് നേരത്തെ നൽകിയിരുന്നുവെന്ന് മനു പറഞ്ഞു. വാക്കുതര്‍ക്കം മൂർച്ഛിക്കുകയും സജ്ജനും സാജുവും ചേര്‍ന്ന് മനുവിനെ മര്‍ദിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മനുവിനെ വീട്ടുകാർ പറവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ സാജുവിനെയും സുഹൃത്തിനെയും ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒളിവിലായിരുന്ന സജ്ജനെയും പിന്നീട് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story