ചികിത്സാപിഴവ് മൂലം അമ്മ മരിച്ചു; നീതിക്കായി മകളുടെ ഒറ്റയാൾ പോരാട്ടം
തൃശൂർ ഡി.എം.ഒ നടത്തിയ അന്വേഷണത്തിൽ മൂക്കിലിട്ട ട്യൂബിന്റെ അഗ്രഭാഗം ശ്വാസകോശത്തിൽ കണ്ടെത്തിയതായി തെളിഞ്ഞിരുന്നു
കൊച്ചി: ചികിത്സാപിഴവ് മൂലം മരിച്ച അമ്മയ്ക്ക് നീതി തേടി മകളുടെ ഒറ്റയാൾ പോരാട്ടം. ആലുവ പുറയാർ സ്വദേശി അഡ്വ. സുചിത്രയാണ് അമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈബ്രാഞ്ച് ഏറ്റെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
കളമശേരി മെഡിക്കൽ കോളജിലെയും ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെയും ചികിത്സാപിഴവ് വ്യക്തമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി. എട്ടുമാസം മുൻപാണ് സുചിത്രയുടെ അമ്മ സുശീല ദേവി കളമശേരി മെഡിക്കൽ കോളജിൽ വെച്ച് മരിക്കുന്നത്. വിവിധ അസുഖങ്ങൾമൂലം കിടപ്പിലായ സുശീല ദേവിയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെത്തുടർന്നായിരുന്നു കളമശേരി മെഡിക്കൽ കോളജിലെത്തിച്ചത്. രണ്ട് ദിവസത്തിനകം സുശീല ദേവി മരിച്ചു.
മൂക്കിലൂടെ ഭക്ഷണം നൽകാനിട്ട ട്യൂബിന്റെ സ്ഥാനമാറ്റമാണ് അമ്മയുടെ ആരോഗ്യനില വഷളാകാനും പിന്നീട് മരിക്കാനും ഇടയാക്കിയതെന്നാരോപിച്ചാണ് സുചിത്ര പൊലീസിൽ പരാതി നൽകിയത്. തൃശൂർ ഡിഎംഒ നടത്തിയ അന്വേഷണത്തിൽ മൂക്കിലിട്ട ട്യൂബിന്റെ അഗ്രഭാഗം ശ്വാസകോശത്തിൽ കണ്ടെത്തിയതായി തെളിഞ്ഞിരുന്നു. എന്നാൽ ആരാണ് ഇതിന് ഉത്തരവാദി എന്ന് മാത്രം കണ്ടെത്തിയില്ല. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും കേസ് ഇല്ലാതാക്കാനുളള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. നടപടിയുണ്ടാകാതിരിക്കാൻ ഡോക്ടർമാരുടെ പേര് മാറ്റി ആൾമാറാട്ടം നടത്താൻ കളമശേരി മെഡിക്കൽ കോളജ് ശ്രമിച്ചതായും സുചിത്ര ആരോപിക്കുന്നു.
Adjust Story Font
16