കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം
കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് പോക്സോ കേസിൽ ആദ്യമായി അമ്മ അറസ്റ്റിലായ സംഭവത്തിലാണ് നിർണായക വഴിത്തിരിവ്. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിനിയായ സ്ത്രീയെ കഴിഞ്ഞ ഡിസംബർ 28നാണ് സ്വന്തം മകനെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മുൻ ഭർത്താവിന്‍റെ പരാതിയുടെയും മകന്‍റെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 27 ദിവസം റിമാൻഡിലും കിടന്നു.
പരാതിയിൽ ദുരൂഹതയുണ്ടെന്ന ഹർജിയിൽ ഹൈക്കോടതി നിർദേശ പ്രകാരം നടന്ന അന്വേഷണത്തിലാണ് അമ്മക്കെതിരെ തെളിവില്ലെന്ന സുപ്രധാന കണ്ടെത്തൽ. മെഡിക്കൽ ബോർഡ് രൂപീകരിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന. ലൈംഗിക പീഡനം നടന്നുവെന്ന തരത്തിലുള്ള കുട്ടിയുടെ മൊഴിയിലും ഡിസിപി ആയിരുന്ന ദിവ്യ വി ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയം രേഖപ്പെടുത്തുന്നു. പ്രതി ചേർക്കാൻ ഉള്ള തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ കേസിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരുമെന്ന് റിപ്പോർട്ടിൽ ശുപാർശയുള്ളതായാണ് വിവരം.
റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സന്തോഷമെന്ന് സ്ത്രീയുടെ പിതാവ് പ്രതികരിച്ചു. പോക്സോ കോടതി അന്വേഷണ റിപ്പോർട്ട് ഉടൻ പരിഗണിക്കും. പരാതി വ്യാജമെന്ന് കോടതി സ്ഥിരീകരിച്ചാൽ മുൻ ഭർത്താവടക്കം നിയമ നടപടി നേരിടേണ്ടി വരും. കേസിൽ തിടുക്കത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത ഉണ്ട്.
വ്യക്തിവിരോധം തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചതാണെന്നായിരുന്നു യുവതിയുടെ വാദം. എന്നാല്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുട്ടിയുടെ പിതാവ് പറഞ്ഞത്. അമ്മയ്ക്കെതിരായ പരാതി വ്യാജമാണെന്നായിരുന്നു യുവതിയുടെ ഇളയ മകന്‍റെ നിലപാട്. അതേസമയം പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴി ശരിയാണെന്ന് മൂത്ത സഹോദരന്‍ പറയുകയുണ്ടായി.
Adjust Story Font
16