ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും; മാതൃ ദിനത്തിലെ ഫോട്ടോഷൂട്ട് വൈറലാവുന്നു
അരുൺ രാജിന്റെ 'മദേഴ്‌സ് ഡേ കൺസെപ്റ്റ് ഷൂട്ട്' സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്
മാതൃദിനത്തിൽ പലതരത്തിലുള്ള കുറിപ്പുകളും ആശംസാ വാചകങ്ങളും നമ്മൾ കാണാറുണ്ട്. എന്നാൽ ചിത്രങ്ങളിലൂടെ മാതൃത്വത്തിന്റെ മഹത്വം വിളിച്ചു പറയുകയാണ് തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ്. അരുൺ രാജിന്റെ 'മദേഴ്‌സ് ഡേ കൺസെപ്റ്റ് ഷൂട്ട്' സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? എന്നാണ് ചിത്രങ്ങൾ ഹങ്കുവെച്ചുകൊണ്ട് അരുൺ ചോദിക്കുന്നത്. ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണെന്നും അവളുടെ സ്വപ്നങ്ങളും കാഴ്ച്ചപ്പാടുകളും വ്യത്യസ്തമാണെന്നും അരുൺ തന്റെ ചിത്രങ്ങളിലൂടെ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ?
ഇല്ല, ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണ്.. ഉദരത്തിൽ ഒരു ജീവനെ പേറുന്നവളും, ഹൃദയത്തിൽ ഒരു ജീവനായി കൊതിക്കുന്നവളും കാണുന്ന സ്വപ്നങ്ങൾ ഒന്നാണ്. ഒരുപക്ഷെ ഹൃദയത്തിൽ വേദനയോടെ ആഗ്രഹങ്ങൾക്ക് ജന്മം നൽകുന്നവളാകും മാതൃത്വത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം.
ഒരു കുഞ്ഞിനെ തന്റെ കൈകളിലെറ്റുവാങ്ങുമ്പോൾ അവളനുഭവിക്കുന്ന ആനന്ദം, സന്തോഷം അവ വാക്കുകൾക്കതീതമാണ്.. 'അമ്മ ' എന്ന വിളിയിൽ അവളെപ്പോൾ തരളിതയാകുന്ന മറ്റാരും ഉണ്ടാകില്ല ഈ ഭൂമിയിൽ..
ഹൃദയം നുറുങ്ങുന്ന വേദനയോടെ ' അമ്മേ ' എന്ന വിളി തന്നിൽ നിന്നും പറിച്ചെറിയുമ്പോൾ ഒരു മാതൃഹൃദയം എത്രമാത്രം നീറുന്നുണ്ടാകും? ചേർത്തു പിടിക്കാൻ മനസ്സോടിയടുക്കുമ്പോൾ, അതിനാകാതെ ചുരത്തുന്ന മാറിടവുമായി ഓടി അകലേണ്ടി വരുന്നത് എത്രമേൽ ഹൃദയഭേദകമാകും?
അതെ ഓരോ മാതൃത്വവും വ്യത്യസ്തമാണ്... ചേർത്തണയ്ക്കുമ്പോൾ ആർദ്രമായ് മിടിക്കുന്നതും പറിച്ചുമാറ്റുമ്പോൾ വിങ്ങി പൊട്ടുന്നതും... അമ്മയാണ്..പകരം വയ്ക്കാനാകാത്ത വാക്കുകളാണ്..
Adjust Story Font
16