മലപ്പുറത്തെ തീ തുപ്പും കാറിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
വാഹനം ഓടിച്ച ആളുടെ ലൈസൻസിനു മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു
മലപ്പുറം: മലപ്പുറം മോഡലിൽ സൈലൻസറിൽ നിന്നും തീ പുറത്തേക്ക് വരുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്തി നിരത്തിൽ ഭീതി പരത്തിയ വാഹനത്തിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. KL 19 m9191 എന്ന വാഹനത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ലഭിച്ച പരാതിയെ തുടർന്ന് തിരുവനന്തപുരം എൻഫോഴ്സ്മെന്‍റ് ആർ.ടി ഒ യുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ വാഹന ഉടമയുടെ വീട്ടിൽ എത്തി. വാഹനം പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദേശം നൽകി. വാഹനം ഓടിച്ച ആളുടെ ലൈസൻസിനു മേൽ നടപടി സ്വീകരിക്കുന്നതിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചു.
നേരത്തെ വാഹന ഉടമക്ക് എം.വി.ഡി 44,000 രൂപ പിഴ ചുമത്തിയിരുന്നു. കോളേജുകളിൽ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ താരമായിരുന്നു ഈ കാർ. നിരത്തിൽ മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രകർക്കും ഭീഷണിയാകുന്ന തരത്തിൽ കാറിന്റെ പുകക്കുഴലിൽ നിന്ന് തീ വരുന്ന രീതിയിലാണ് ഹോണ്ട സിറ്റി കാർ മാറ്റം വരുത്തിയത്. കാറിൽ നിന്ന് വരുന്ന തീ ഉപയോഗിച്ച് പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിക്കുന്നതടക്കം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കുകയായിരുന്നു.
Adjust Story Font
16