Quantcast

കപ്പലിലും പിടിമുറുക്കി അഡ്മിനിസ്ട്രേറ്റര്‍: ദ്വീപ് നിവാസികളായ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക

ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും അധികാരങ്ങള്‍ എടുത്തുമാറ്റാ‍ന്‍ നീക്കം; ജീവനക്കാരെ നിയമിക്കാനുള്ള അധികാരം ഇനി ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക്

MediaOne Logo

Web Desk

  • Updated:

    2021-05-27 02:32:27.0

Published:

27 May 2021 2:13 AM GMT

കപ്പലിലും പിടിമുറുക്കി അഡ്മിനിസ്ട്രേറ്റര്‍: ദ്വീപ് നിവാസികളായ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് ആശങ്ക
X

കപ്പലിലും പിടിമുറുക്കി അഡ്മിനിസ്ട്രേറ്റര്‍. ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന് 20 വര്‍ഷമായുണ്ടായിരുന്ന കപ്പൽ വിഭാഗത്തിന്‍റെ അധികാരങ്ങള്‍ എടുത്തുമാറ്റാ‍ന്‍ നീക്കം. കപ്പലുകളുടെ ക്രൂമാരെ നിയമിക്കാനുള്ള കരാർ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറുന്നു. 6 മാസത്തിനുള്ളിൽ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത് ഏഴ് യാത്രാ കപ്പലുകളും എട്ട് ബാര്‍ജുകളും സ്പീഡ് വെസലുകളുമാണ്. ഇതിലെല്ലാമായി 800 ല്‍ അധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ക്രൂമാരില്‍ 70 ശതമാനം പേരും ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 30 ശതമാനം കേരളത്തിലെ ജീവനക്കാരും. ലക്ഷദ്വീപിലെ സാമ്പത്തിക വ്യവസ്ഥിതിയെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്ക് കപ്പല്‍ ജീവനക്കാരുടെ വരുമാനമാണ്.

എന്നാല്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റതോടെയാണ് ലക്ഷദ്വീപ് ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള കപ്പലുകള്‍ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറുന്നത്. ഇതോടെ തദ്ദേശീയരായവരുടെ ജോലി നഷ്ടപ്പെടുമെന്നാണ് ദ്വീപ് നിവാസികളുടെ ആശങ്ക. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അവരുടെ ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിന് നിയോഗിച്ച് സര്‍വീസ് നടത്തിയാല്‍ നിലവിലെ ജീവനക്കാര്‍ പുറത്താകും. നിലവിലെ കപ്പലുകളിലെ ജീവനക്കാരില്‍ പലരും 20 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്നവരാണ്.

6 മാസത്തിനുള്ളിൽ കപ്പലുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അറിയിപ്പ് ഭരണകൂടത്തിന് ലഭിച്ചിട്ടുണ്ട്. നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ആറ് മാസം സമയം ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനിടെ എല്ലാ വകുപ്പുകളിലേയും ജീവനക്കാരുടെ വിശദാശങ്ങള്‍ ഭരണകൂടെ ശേഖരിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കപ്പലിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ അറിയിക്കാനും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.


TAGS :

Next Story