മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കാതെ എം.എസ്.എഫ് ഹരിത നേതൃത്വം മുന്നോട്ട്
സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലേക്ക് പുതിയ ഭാരവാഹികളെ ക്ഷണിച്ചില്ല. മുസ്‍ലിം ലീഗ്, വനിതാ ലീഗ് നേതൃത്വം ജില്ലാ കമ്മിറ്റിയെ അംഗീകരിച്ചു.
ഒരു മാസം മുന്‍പ് നിലവില്‍ വന്ന എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ കമ്മിറ്റിയെ പുറത്ത് നിര്‍ത്തി സംഘടനയുടെ സംസ്ഥാന നേതൃത്വം മുന്നോട്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ എം.എസ്.എഫ്, മുസ്ലീംലീഗ് മലപ്പുറം ജില്ലാ നേതൃത്വങ്ങള്‍ ഏകപക്ഷീയമായി കമ്മിറ്റിയെ നിശ്ചയിച്ചുവെന്നാണ് ഹരിത സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
ജില്ലാ കമ്മിറ്റിക്ക് അംഗീകാരമില്ലെന്ന് പരസ്യമായി പ്രസ്താവനയിറക്കിയ ഹരിത സംസ്ഥാന കമ്മിറ്റിയുടെ നടപടി ലീഗില്‍ വിവാദമായിരുന്നു. ലീഗ് നേതൃത്വം ഇടപെട്ടതിന് പിറകേ പ്രസ്താവന ഫേസ്ബുക്ക് പേജില്‍ നിന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിന്‍വലിച്ചെങ്കിലും നിലപാടില്‍ മാറ്റം വന്നിട്ടില്ല. വെള്ളിയാഴ് ചേര്‍ന്ന ഹരിതയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടിനെയും ജനറല്‍ സെക്രട്ടറിയെയും പങ്കെടുപ്പിച്ചില്ല. മുന്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ടിനെയും ജനറല്‍ സെക്രട്ടറിയെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചത്.
അഡ്വ. തൊഹാനി കെ. പ്രസിഡണ്ടും എം പി സിഫ്‍വ ജനറല്‍ സെക്രട്ടറിയുമായുള്ള പതിനേഴംഗ കമ്മിറ്റിയാണ് ജൂണ്‍ പത്തിന് നിലവില്‍ വന്നത്. സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിന്റെയും പിന്തുണ കമ്മിറ്റിക്കുണ്ട്. എന്നാല്‍ ഹരിത സംസ്ഥാന കമ്മിറ്റിയോട് കൂടിയാലോചന നടത്തിയില്ലെന്നാണ് സംസ്ഥാന പ്രസിഡണ്ട് മുഫീദ തസ്നി ഉന്നയിക്കുന്ന പ്രശ്നം. ഭാരവാഹികളില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. എംഎസ്എഫിലെയും ഹരിതയിലെയും വിഭാഗീയതയാണ് മലപ്പുറം ജില്ലാ കമ്മിറ്റിയെ അംഗീകരിക്കാത്തതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണം. പുതിയ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎം എ സലാം അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. വനിതാ ലീഗും പുതിയ കമ്മിറ്റിയെ പിന്തുണക്കുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബിന റഷീദ് അടക്കമുള്ള നേതാക്കള്‍ പുതിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഹരിത മലപ്പുറം ജില്ലാ നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ സംസ്ഥാന നേതൃത്വം ബഹിഷ്കരിക്കുകയാണ്. ജൂണ്‍ 27 ന് നടന്ന കൂട്ടിലങ്ങാടി പഞ്ചായത്ത് ഹരിത സംഗമത്തില്‍ ഒരു ജില്ലാ നേതാവിനെ പോലും പങ്കെടുപ്പിച്ചില്ല. ജില്ലാ നേതാക്കള്‍ പങ്കെടുത്താല്‍ തങ്ങള്‍ വരില്ലെന്ന നിലപാട് സംസ്ഥാന നേതൃത്വം സ്വീകരിച്ചതായാണ് വിവരം. ഹരിതയുടെ പ്രസിഡണ്ട് അടക്കമുള്ള മൂന്ന് സംസ്ഥാന ഭാരവാഹികളെ മാത്രം പങ്കെടുപ്പിച്ചാണ് ഈ പരിപാടി നടത്തിയത്.
ലീഗിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രമായ മലപ്പുറത്ത് പാണക്കാട് കുടുംബത്തിന്റെ അറിവോടെ രൂപീകരിച്ച ഹരിത ജില്ലാ കമ്മിറ്റിക്കെതിരെയാണ് ഔദ്യോഗികമല്ലെന്ന ആരോപണം ഹരിത സംസ്ഥാന നേതൃത്വം ഉന്നയിക്കുന്നത് എന്നത് കൗതുകമുണ്ടാക്കുന്നതാണ്. സമവായമുണ്ടാക്കാന്‍ ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും ഫലമുണ്ടായില്ലെന്നാണ് വെള്ളിയാഴ്ചത്തെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയോടെ വ്യക്തമായത്.അതിനിടെ ഹരിതയെ എംഎസ്എഫില്‍ നിന്ന് മാറ്റി വനിതാ ലീഗിന്റെ കീഴിലാക്കണമെന്ന ചര്‍ച്ചയും ലീഗില്‍ നടക്കുന്നുണ്ട്.
7,8 തിയ്യതികളില്‍ പെരിന്തല്‍ മണ്ണയില്‍ ചേരുന്ന ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഹരിതയിലെ വിഭാഗീയത ചര്‍ച്ചയാകും. വിഭാഗീയത എംഎസ്എഫിന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
............
Adjust Story Font
16