Quantcast

'ഹരിത' സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു

പി.കെ നവാസ് ഉള്‍പ്പെടെയുള്ള മൂന്ന് നേതാക്കളോട് പാര്‍ട്ടി വിശദീകരണം തേടി

MediaOne Logo

Web Desk

  • Updated:

    2021-08-17 09:20:08.0

Published:

17 Aug 2021 9:08 AM GMT

ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു
X

എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനിച്ചതായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.





ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി.കെ കുഞ്ഞാലിക്കുട്ടി, പണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ഹരിത നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.


TAGS :

Next Story