Quantcast

'മലപ്പുറത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ എസ്പി സുജിത് ദാസിന്റെ ആസൂത്രിത ശ്രമം'; ഗുരുതര ആരോപണവുമായി എംഎസ്എഫ്

" മലപ്പുറം ഒരു ക്രിമിനൽ ജില്ലയാണ് എന്നു വരുത്തിത്തീർക്കാൻ ആസൂത്രിതമായ വഴിയൊരുക്കുകയാണ് മലപ്പുറം എസ്.പിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു."

MediaOne Logo

Web Desk

  • Published:

    22 Aug 2023 8:22 AM GMT

pk navas and sujit das ips
X

ക്രിമിനൽ കേസുകൾ ക്രമാതീതമായി രജിസ്റ്റർ ചെയ്ത് മലപ്പുറം ജില്ലയ്‌ക്കെതിരെ എസ്.പി സുജിത് ദാസ് ആസൂത്രിത ഗൂഢാലോചന നടത്തുന്നുവെന്ന് എംഎസ്എഫ്. മലപ്പുറത്തെ ബ്ലാക് ലിസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് എസ്പിയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കന്നതെന്ന് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ആരോപിച്ചു. സുജിത് ദാസ് പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ അഭൂതപൂർവ്വമായ വർധനയാണ് മലപ്പുറത്ത് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.കെ നവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം ജില്ലയെ "ബ്ലാക്ക് ലിസ്റ്റ്" ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നൽകുന്നു. ഇനിയും മൗനമിരുന്നാൽ 2023ൽ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും

ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോൾ സാധാരണവും മലപ്പുറത്ത് ആകുമ്പോൾ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികൾക്ക് മുമ്പിൽ മലപ്പുറം ജില്ല ഒരു ക്രിമിനൽ ജില്ലയാണ് എന്നു വരുത്തിത്തീർക്കാൻ ആസൂത്രിതമായ വഴിയൊരുക്കുകയാണ് മലപ്പുറം എസ്.പിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു കേസിൽ പിടിക്കപ്പെടുന്ന പത്ത്‌ പേരെ രണ്ടു വീതം ആളുകളാക്കി 5 FIR കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ക്രമാതീതമായി വർദ്ധിപ്പിക്കുകയാണ്. 2016 മുതൽ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോർഡ് പ്രകാരം ശരാശരി മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം എന്നുപറയുന്നത് 12,000 ആണ്. എന്നാൽ സുജിത് ദാസ് IPS മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതൽ കണക്കുകൾ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്

2021ൽ 50 ശതമാനം വർദ്ധനവോട് കൂടി 19,045 കേസുകളാണ് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തത്. 2022ൽ കേസുകളുടെ എണ്ണം ശരാശരിയിൽ നിന്ന് 150 ശതമാനം വർദ്ധനയോടെ 26,957 ആയി. 2023 പാതി വർഷം ആയപ്പോഴേക്കും കേസുകളുടെ എണ്ണം 13,000 കവിഞ്ഞു.

ഇത് മലപ്പുറത്തിന്റെ തന്നെ സർവകാല റെക്കോർഡിലേക്ക് എന്ന് മാത്രമല്ല, സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ലയായി മലപ്പുറം മാറുന്നു എന്നതിലേക്കുള്ള സൂചനകളാണ് നമുക്ക് നൽകുന്നത്

2021 വരെ ഇല്ലാത്ത ക്രിമിനൽ കേസുകളുടെ വർദ്ധനവ് സുജിത് ദാസ് എസ്.പിയായി ചുമതലയേറ്റ ശേഷം മാത്രം മലപ്പുറത്ത് എങ്ങനെയുണ്ടായി..?? ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മലപ്പുറത്തെ മാധ്യമങ്ങൾക്ക് മനസ്സിലാവാത്ത, മലപ്പുറത്തെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെടാത്ത, മലപ്പുറത്തെ ജനപ്രതിനിധികളുടെ കണ്ടിട്ടില്ലാത്ത, മലപ്പുറത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ലഭ്യമായിട്ടില്ലാത്ത. എന്ത് വലിയ ലോ & ഓർഡർ പ്രശനമാണ് മലപ്പുറത്ത് ഉണ്ടായത്..??

അങ്ങനെയൊന്നില്ല എന്നത് നമുക്കെല്ലാവർക്കും ബോധ്യമുള്ളതാണ്. മലപ്പുറം ജില്ല കഴിഞ്ഞ് പോയ കാലങ്ങളിൽ നേടിയെടുത്ത പൈതൃകങ്ങളെയും പ്രൗഢിയേയും മലീമസമാക്കുന്ന ആസൂത്രിതമായ ഒരു ശ്രമത്തിനു ഈ പൊലീസ് സൂപ്രണ്ട് നേതൃത്വം കൊടുക്കുമ്പോൾ ഒരുമിച്ച് ഒരു മുന്നേറ്റം മലപ്പുറത്ത് സാധ്യമാകേണ്ടതുണ്ട്.

ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ഉത്തരവാദിത്തമല്ല, മലപ്പുറത്തെ ജനങ്ങൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട ഒരു ദൗത്യമാണ്. സെൻട്രൽ ഗവൺമെന്റിന്റെ ഗുഡ് ലിസ്റ്റിൽപ്പെട്ട IPS ഉദ്യോഗസ്ഥനാവുകയും കേരളത്തിൽ പിണറായി ഗവൺമെന്റിന് പ്രിയപ്പെട്ടവനാവുകയും ചെയ്‌താൽ ആർക്കും മാറ്റാൻ കഴിയില്ലെന്ന മൗഢ്യത്തിൽ നിന്ന് ജനങ്ങളാണ് വലുതെന്ന് ബോധ്യപെടുത്തലുകളിലേക്ക് ഈ അനീതിക്കെതിരെയുള്ള ശബ്ദമുയരണം.

TAGS :

Next Story