എം.എസ്.എഫിൽ കൂട്ടനടപടി; സംസ്ഥാന വൈസ് പ്രസിഡന്റിനും, കോഴിക്കോട് ജില്ലാ പ്രസിഡന്റിനും സസ്‌പെൻഷൻ
വാട്‌സ്ആപ്പ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
കോഴിക്കോട്: പാർട്ടി നേതൃത്വത്തിനെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന നടത്തിയ സംഭവത്തിൽ എം.എസ്.എഫ് നേതാക്കൾക്കെതിരെ കൂട്ട നടപടി. സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് മാണിയൂർ എന്നിവരെ സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഒ.കെ ജാസിർ, വൈസ് പ്രസിഡന്റ് ആസിഫ് ചപ്പരപടവ്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇർഫാൻ എന്നിവരെ സംഘടനാ ചുമതലകളിൽനിന്ന് നീക്കിയതായും സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് അറിയിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ചുമതല സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി റഊഫിനും ജനറൽ സെക്രട്ടറിയുടെ ചുമതല ആസിഫ് കലാമിനും നൽകി. കണ്ണൂർ ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറിയായി സാദിഖ് പാറാടിനെയും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റായി സഫ്‌വാൻ കുറ്റിക്കോലിനെയും ചുമതലപ്പെടുത്തി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അടക്കമുള്ള നേതാക്കൾക്കെതിരെ വാട്‌സ്ആപ്പിൽ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഹാഫിം എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.
Adjust Story Font
16