'ഒന്നല്ല ഒരായിരം പ്രഫുൽ ഖോഡ പട്ടേൽമാർ ഒന്നിച്ചവതരിച്ചാലും ദ്വീപിന് വേണ്ടി ഏതറ്റം വരെയും പോകും'; ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഫൈസൽ
'എംപി എന്ന നിലയിൽ മൗനം പാലിക്കാൻ കഴിയില്ല'
വധശ്രമക്കേസിൽ ജയിൽമോചിതനായതിന് പിന്നാലെ ലക്ഷദ്വീപ് ജനതയ്ക്ക് നന്ദി പറഞ്ഞ് മുൻ എംപി മുഹമ്മദ് ഫൈസൽ. പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ദ്വീപിൽ ഒരുപാട് ഭരണഘടനാ ലംഘനങ്ങളും, ജനവിരുദ്ധ നയങ്ങളും ഉണ്ടായി. അതിനെതിരെ എംപി എന്ന നിലയിൽ മൗനം പാലിക്കാൻ കഴിയില്ല. ഒന്നല്ല ഒരായിരം പ്രഫുൽ ഖോഡ പട്ടേൽമാർ അവതരിച്ചാലും ദ്വീപ് ജനതയെ ഒരുതരത്തിലുള്ള അപകടത്തിലേക്കും തള്ളിവിടുകയില്ല എന്നത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. അതിനുവേണ്ടി ഏതറ്റം വരെയും പോരാടുമെന്നും ഫൈസൽ ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ലക്ഷദ്വീപ് ജനതയോടുള്ള അകമഴിഞ്ഞ നന്ദിയും കടപ്പാടും ഈ വേളയിൽ ഞാൻ അർപ്പിക്കുന്നു. നിങ്ങൾ തെരഞ്ഞെടുത്ത് ഇന്ത്യൻ ഭരണസിരാകേന്ദ്രമായ പാർലമെന്റിലേക്ക് അയച്ച വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ നമ്മുടെ നാടിനോ, നാട്ടുകാർക്കോ എതിരെ നീങ്ങുന്ന ഏതൊരു ചലനങ്ങൾക്കുനെതിരെ ആദ്യം പ്രതികരിക്കുക, അല്ലെങ്കിൽ അവസാനശ്വാസം വരെ പ്രതികരിക്കുക എന്നുള്ളത് എന്റെ കടമയും അർപ്പണബോധവും ആണ്.
പ്രഫുൽ ഗോട പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ സ്ഥാനം ഏറ്റെടുത്തതിനു ശേഷം നമ്മുടെ നാട്ടിൽ സംഭവിച്ച ഭരണഘടനാ വിരുദ്ധമായ ലംഘനങ്ങളും, ജനവിരുദ്ധനയങ്ങളും നമ്മൾ ഓരോരുത്തരും അനുഭവിച്ചറിഞ്ഞ വസ്തുതയാണ്. നിങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എന്ന നിലയിൽ അതൊന്നും കണ്ടില്ലന്ന് നടിക്കാനും, അവയ്‌ക്കെതിരെ മൗനം പാലിക്കാനും ലക്ഷദ്വീപിലെ എംപി എന്ന നിലയിൽ എനിക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നമ്മുടെ ജനത അനുഭവിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങൾ പാർലമെന്റിൽ അടക്കം ഉന്നയിച്ചതും, ആ നടപടികൾക്കെതിരെ പോരാടിയതും.
ഒന്നല്ല ഒരായിരം പ്രഫുൽ ഗോഡ പട്ടേൽമാർ ഒന്നിച്ച് അവതരിച്ചാലും ദ്വീപ് ജനതയെ ഒരു അപകടാവസ്ഥയിലേക്കും തള്ളിവിടുകയില്ലെന്നുള്ളത് പണ്ടേ എടുത്ത ദൃഢനിശ്ചയമാണ്. അതിനുവേണ്ടി ഏതറ്റം വരെ പോരാടാനും നിങ്ങൾ തെരഞ്ഞെടുത്ത എംപി എന്ന നിലയിൽ ഞാൻ പ്രാപ്തനായിരുന്നു. എന്നെ ജയിലറിയിലേക്ക് തള്ളി വിടുമ്പോഴും, എനിക്കെതിരെ കഥകൾ മനയുമ്പോഴും ഒന്ന് മനസ്സിൽ ബോധ്യമായിരുന്നു. സത്യം അത് മറനീക്കി പുറത്തുവരും എന്നുള്ളത്.
നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന പോലെ തന്നെ അള്ളാഹു തിന്മയ്‌ക്കെതിരെ നന്മയെ മുമ്പിലെത്തിച്ചു. നിങ്ങളുടെ പ്രാർത്ഥനകൾക്കും, വിശ്വാസതക്കും, സ്‌നേഹത്തിനും ഒരുപാട് ഒരുപാട് നന്ദി... അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം ഉണ്ടാകും. ഏതൊരു ആപൽ ഘട്ടത്തിലും.
Adjust Story Font
16