ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയം; പി.എം.എ സലാമിന് ജിഫ്രി തങ്ങളുടെ പരോക്ഷ മറുപടി
സമസ്തയുടെ ആവശ്യങ്ങള്‍ ഭരണാധികാരികളെ നേരിട്ട് കണ്ടോ ഫോണില്‍ വിളിച്ചോ അറിയിക്കുമെന്നും ജിഫ്രി തങ്ങൾ
കോഴിക്കോട്: ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയമെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനാണ് ജിഫ്രി തങ്ങൾ പരോക്ഷ മറുപടിയുമായി രംഗത്തെത്തിയത്. സമസ്തയുടെ ആവശ്യങ്ങള്‍ ഭരണാധികാരികളെ നേരിട്ട് കണ്ടോ ഫോണില്‍ വിളിച്ചോ അറിയിക്കും. യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിക്കുമ്പോഴും സമസ്ത ഇത് ചെയ്തിട്ടുണ്ട്. അതിനെ ആക്ഷേപിക്കുന്ന ചിലരുണ്ടെന്നും അത് മാന്യതക്ക് യോജിച്ചതല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകിയിരുന്നു. സമസ്ത നേതാക്കള്‍ക്കെതിരായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്. ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സത്താർ പന്തല്ലൂർ തുടങ്ങി 21 നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പി.എം.എ. സലാം നടത്തിയ ചില പരാമർശങ്ങളാണ് ഇത്തരത്തിൽ പരാതിയിലേക്ക് നയിച്ചത്. കൂടാതെ, മുസ്‍ലിം ലീഗ് സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാൻ കല്ലായിയുടെ പ്രസംഗവും കത്തിൽ പരാമർശിക്കുന്നുണ്ട്. സമസ്തയെയും നേതാക്കളെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിൽ മുസ്‍ലിം ലീഗിന്‍റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അധിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16