കേരളത്തിലെ ജനങ്ങളെ അപമാനിച്ചു, അമിത് ഷാ മാപ്പ് പറയണം: മന്ത്രി മുഹമ്മദ് റിയാസ്
'കേരളത്തിലെ ജനങ്ങളെ അപഹസിക്കുന്ന നിലപാടിന് യു.ഡി.എഫ് ചൂട്ടുകത്തിക്കുകയാണ്'
അമിത് ഷാ, മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന പ്രസ്താവന തിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളത്തിലെ ജനങ്ങളെ ഒന്നാകെ അമിത് ഷാ അപമാനിക്കുകയാണ്. അമിത് ഷായുടെ പ്രസ്താവനയിൽ യു.ഡി.എഫ് മൗനം പാലിക്കുന്നു. കേരളത്തിലെ ജനങ്ങളെ അപഹസിക്കുന്ന നിലപാടിന് യു.ഡി.എഫ് ചൂട്ടുകത്തിക്കുകയാണെന്നും റിയാസ് കുറ്റപ്പെടുത്തി.
കര്‍ണാടകയെ സുരക്ഷിതമായി നിലനിര്‍ത്താന്‍ ബി.ജെ.പി അധികാരത്തില്‍ തുടരണമെന്ന് പറയുമ്പോഴാണ് അമിത് ഷാ കേരളത്തിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. കര്‍ണാടകയിലെ പുത്തൂരില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
"നിങ്ങളുടെ അടുത്ത് (കർണാടക) കേരളമുണ്ട്. ഞാൻ അധികം പറയാൻ ആഗ്രഹിക്കുന്നില്ല. കർണാടകയെ സുരക്ഷിതമായി നിലനിർത്താന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർണാടകയിലെ ബി.ജെ.പി സർക്കാരിന് മാത്രമേ സാധ്യമാകൂ"- അമിത് ഷാ പറഞ്ഞു.
കോൺഗ്രസും ജെ.ഡി.എസും 18ആം നൂറ്റാണ്ടിലെ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇരുപാര്‍ട്ടികളും കര്‍ണാടകയുടെ നന്മയ്ക്കായി ഒന്നു ചെയ്തിട്ടില്ല. കോൺഗ്രസ് അഴിമതിക്കാരാണ്. കർണാടകയെ ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കോണ്‍ഗ്രസ് ഉപയോഗിച്ചെന്നും അമിത് ഷാ ആരോപിച്ചു.
"കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശസ്നേഹികളുടെ സംഘമായ ബി.ജെ.പിയോ അതോ കർണാടകയെ ഗാന്ധി കുടുംബത്തിന്റെ എ.ടി.എം ആയി ഉപയോഗിച്ച അഴിമതിക്കാരായ കോൺഗ്രസോ?"- അമിത് ഷാ ചോദിച്ചു.
പോപുലര്‍ ഫ്രണ്ടിന്‍റെ 1700 പ്രവർത്തകരെ കർണാടകയിലെ മുൻ കോൺഗ്രസ് സർക്കാർ വിട്ടയച്ചെന്നും ബി.ജെ.പി സര്‍ക്കാര്‍ പി.എഫ്.ഐയെ നിരോധിച്ചെന്നും അമിത് ഷാ പറഞ്ഞു. ദേശവിരുദ്ധ ശക്തികളെ പ്രീതിപ്പെടുത്തുന്ന കോൺഗ്രസിന് കർണാടകയെ സംരക്ഷിക്കാനാകില്ല. രാജ്യത്ത് ഭീകരവാദവും നക്‌സലിസവും തുടച്ചുനീക്കി പ്രധാനമന്ത്രി രാജ്യത്തെ സുരക്ഷിതമാക്കിയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
ജെ.ഡി.എസിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതുപോലെയാണെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യുക എന്നതിനർത്ഥം പുതിയ കര്‍ണാടകയ്ക്കായി വോട്ടുചെയ്യുക എന്നതാണെന്നും അമിത് ഷാ പറഞ്ഞു. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ കർഷകർക്ക് അനുകൂലമായ നടപടികൾ രാജ്യത്തുടനീളമുള്ള കർഷകർ ഓർക്കുന്നുണ്ട്. യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബെംഗളൂരു അഭിവൃദ്ധി പ്രാപിച്ചതിനാലാണ് രാജ്യം മുഴുവൻ യെദ്യൂരപ്പയെ ഓർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16