Quantcast

മുഖ്യമന്ത്രി കൊലപാതകിയെന്ന് മുഹമ്മദ് ഷിയാസ്: കെഎസ്‌യു മാർച്ചിനിടെ അധിക്ഷേപ പ്രസംഗം

കരിങ്കൊടിയെ ഭയമാണെങ്കിൽ രാജി വെച്ച് പോകണമെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-11-22 12:31:22.0

Published:

22 Nov 2023 9:51 AM GMT

കെഎസ്‌യു മാർച്ച്,
X

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രസംഗം. കൊച്ചിയിൽ കെ എസ് യു മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അധിക്ഷേപ പ്രസംഗം നടത്തിയത്. മുഖ്യമന്ത്രി കൊലപാതകിയാണെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. കരിങ്കൊടിയെ ഭയമാണെങ്കിൽ രാജി വെച്ച് പോകണമെന്നും ഷിയാസ് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള സദസ്സിന്റെ പ്രത്യേക ബസിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചതിനെതിരെ ആയിരുന്നു കെ എസ് യുവിന്റെ പ്രതിഷേധ മാർച്ച്. ഉദ്‌ഘാടന പ്രസംഗത്തിനിടെയാണ് മുഹമ്മദ് ഷിയാസ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകൾ പ്രയോഗിച്ചത്.

വലിയ തോതിലുള്ള പൊലീസ് സുരക്ഷയെ മറികടന്നായിരുന്നു കല്യാശേരിയിലെ പ്രതിഷേധം. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. നവകേരള സദസ്സിനും ബസിനും നേരെയുണ്ടായ ആദ്യ പ്രതിഷേധമാണിത്.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വൊളന്റിയർമാരായി നിന്നിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ മർദിക്കുന്ന വിഡിയോ അടക്കം പുറത്തുവന്നിരുന്നു. കരിങ്കൊടി കാണിച്ചതിനു പൊലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐ– എസ്എഫ്ഐ പ്രവർത്തകർ തന്നെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ചതായി പൊലീസ് കസ്റ്റഡിയിലുള്ള മഹിത മോഹൻ ആരോപിച്ചു. പലയിടത്തും ഇത്തരത്തിൽ പ്രതിഷേധം ആസൂത്രണം ചെയ്തതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

TAGS :

Next Story