ചോദ്യപേപ്പർ ചോർച്ച; മുഹമ്മദ് ശുഹൈബിന്‍റെ പിതാവും ഒളിവിലെന്ന് സംശയം
രണ്ട് ദിവസം മുൻപ് ശുഹൈബിന്‍റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് പിതാവിനെ കാണാൻ കഴിഞ്ഞില്ല
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ പ്രതിയായ മുഹമ്മദ് ശുഹൈബിന്‍റെ പിതാവും ഒളിവിലെന്ന് സംശയം . രണ്ട് ദിവസം മുൻപ് ശുഹൈബിന്‍റെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് പിതാവിനെ കാണാൻ കഴിഞ്ഞില്ല. ഫോണിലും ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. ശുഹൈബിന്‍റെ വീട് അടച്ചിട്ട നിലയിലാണ്.
ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊലൂഷ്യൻസ് ഉടമ ശുഹൈബിന് മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ശുഹൈബിനെതിരെ കേസെടുത്തിരിക്കുന്നത്. ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുനൽകുക മാത്രമാണ് ചെയ്തത് എന്നുമാണ് ഇയാളുടെ വാദം.
അതേസമയം, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യപേപ്പർ ചോർത്തി നൽകുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് ശുഹൈബ് ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ട് പറയുന്നു. ചോദ്യപേപ്പർ ചോർച്ചാ കേസിൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസിന്‍റെ നിരീക്ഷണം.
Adjust Story Font
16