സ്വന്തം വേദന മറന്ന് വയനാടിന്റെ വേദനയൊപ്പാന്‍ മുഹമ്മദ് ഫിദല്‍
വീല്‍ച്ചെയര്‍ കയറാന്‍ പാകത്തിലുള്ള വാഹനം വാങ്ങാനായി കുടുക്കയില്‍ സമ്പാദിച്ചു തുടങ്ങിയ പണമാണ് ദുരിതമനുഭവിക്കുന്നവര്‍ക്കായി കൈമാറിയത്.
ആലപ്പുഴ: വേദനയുടെ പൊള്ളലെന്തെന്ന് ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഫിദല്‍ നായിഫിന് നന്നായറിയാം. സ്വന്തം വേദന മറന്നാണ് വയനാടിന്റെ വേദനയൊപ്പാന്‍ കുടുക്കയിലെ സമ്പാദ്യവുമായി അവന്‍ കളക്ടറേറ്റിലെത്തിയത്.
സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്.എം.എ.) ടൈപ് 2 ബാധിതനായ ഫിദല്‍ കുടുക്കയില്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ജില്ല കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറി. പാനൂര്‍ക്കര ഗവ. യു.പി. സ്‌കൂള്‍ ഒന്നാം കാസ് വിദ്യാര്‍ഥിയായ ഫിദലിന് വീല്‍ച്ചെയറിന്റെ സഹായത്തോടെ മാത്രമേ സഞ്ചരിക്കാനാകൂ. വീല്‍ച്ചെയര്‍ കയറാന്‍ പാകത്തിലുള്ള വാഹനം വാങ്ങാനായി കുടുക്കയില്‍ സമ്പാദിച്ചു തുടങ്ങിയ പണമാണ് ദുരിതമനുഭവിക്കുന്നവര്‍ക്കായി കൈമാറിയത്.
തൃക്കുന്നപ്പുഴ ചാപ്രായില്‍ വീട്ടില്‍ നൗഫല്‍ ഷായുടെയും തസ്‌നിയുടെയും ഏകമകനായ ഫിദല്‍ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം എത്തിയാണ് പണം കൈമാറിയത്. ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി ഡിസെബിലിറ്റി പെന്‍ഷന്‍ പദ്ധതി ഗുണഭോക്താവാണ് ഫിദല്‍. പെന്‍ഷന്‍ ലഭിക്കുന്ന തുകയും ഫിദല്‍ മുടങ്ങാതെ കുടുക്കയില്‍ നിക്ഷേപിക്കാറുണ്ടെന്ന് അമ്മ തസ്‌നി പറഞ്ഞു.
Adjust Story Font
16