സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബി.ജെ.പി പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിൽ ബോധപൂർവം മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
കണ്ണൂർ: സ്പീക്കർ ഒരു മതവിശ്വാസത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വളരെ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. സ്പീക്കറുടെ പേര് നാഥൂറാം ഗോഡ്‌സെ എന്നായിരുന്നെങ്കിൽ ബി.ജെ.പിയുടെ പ്രസിഡന്റ് കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇത് ഒരു നല്ല അവസരമായി കാണണമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ പറഞ്ഞത് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു മതത്തിനും വർഗീയതയില്ല. വർഗീയതക്ക് മതവുമില്ല. കേരളത്തിലെ ജനങ്ങളാകെ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം നിലകൊണ്ടതുകൊണ്ടാണ് തുടർഭരണമുണ്ടായതെന്നും മന്ത്രി പറഞ്ഞു.
സ്പീക്കർ ഇന്നോ ഇന്നലെയോ സാമൂഹികപ്രവർത്തനം ആരംഭിച്ച വ്യക്തിയല്ല. അതുപൊലെ എ.കെ ബാലൻ ദീർഘനാളായി കേരളത്തിൽ പൊതുരംഗത്തുള്ള ആണ്. എം.എൽ.എ, മന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്. അദ്ദേഹം ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞപ്പോഴുണ്ടായിട്ടുള്ള പരിഹാസം നമ്മൾ കണ്ടതാണ്. പഴയ ജൻമിത്വ കാലഘട്ടത്തിലേക്ക് കേരളത്തെ കൊണ്ടുപോകാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.
Adjust Story Font
16