' പൊലീസുകാരൻ കഴുത്തിൽ നിന്ന് പിടിവിട്ടില്ല, എന്‍റെ സഹോദരന്‍ തലകറങ്ങി വീണു'; നൗഫലിന്‍റെ സഹോദരി
സഹോദരനെ വാഹനത്തിൽ നിന്നും പൊലീസുകാരൻ വലിച്ചിറക്കി ആക്രമിക്കുകയാണ് ചെയ്തത്
കൊണ്ടോട്ടിയിലുണ്ടായ സംഘര്‍ഷത്തില്‍ നിന്ന്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പൊലീസുകാരനും യുവാവുമായുള്ള കയ്യാങ്കളിയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്‍റെ സഹോദരി മുഹ്സിന. സഹോദരനെ വാഹനത്തിൽ നിന്നും പൊലീസുകാരൻ വലിച്ചിറക്കി ആക്രമിക്കുകയാണ് ചെയ്തത്.
ആക്രമണത്തെ തുടർന്ന് സഹോദരൻ തലകറങ്ങി വീണു. സഹോദരനെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പൊലീസുകാരനായ സദഖത്തുള്ള തന്നെയും മർദിച്ചെന്നു മുഹ്സിന പറഞ്ഞു. പൊലീസുകാരനെതിരെ യുവതി മലപ്പുറം എസ്പിക്കു പരാതി നൽകിയിട്ടുണ്ട് .
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. നൗഫലും കുടുംബവും കൊണ്ടോട്ടിയിലുള്ള ഒരു ഹോട്ടലില്‍ നിന്നും പാഴ്സല്‍ വാങ്ങുന്നതിനായി വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അതിനിടക്ക് മറ്റൊരു വാഹനം കയറിവരികയും ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു. ഈ സമയത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സദഖത്തുള്ള അവിടെയെത്തുകയും നൗഫലിനോട് കാര്യം തിരക്കുകയും ചെയ്തു. ഇത് പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. സദഖത്തുള്ള തന്നെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചുവെന്നാണ് നൗഫല്‍ ആരോപിക്കുന്നത്. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫലും കൊണ്ടോട്ടി സ്റ്റേഷനിലെ സി.പി.ഒ സദഖത്തുള്ളയും തമ്മിലാണ് സംഘർഷമുണ്ടായത്.നൗഫലിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
Adjust Story Font
16