ലൈംഗിക പീഡനക്കേസ്; മുകേഷ് അടക്കമുള്ള താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല
കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി. പൂങ്കുഴലി പറഞ്ഞു
കൊച്ചി: ലൈംഗിക പീഡന കേസുകളിൽ മുകേഷ് അടക്കമുള്ള ചലച്ചിത്ര താരങ്ങളുടെ അറസ്റ്റ് ഉടനുണ്ടാവില്ല. കോടതി തീരുമാനം വന്ന ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എഐജി ജി പൂങ്കുഴലി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഫെഫ്ക യോഗം ചേരുകയാണ്.
ചലച്ചിത്ര മേഖലയെ പിടിച്ചുകുലുക്കിയ ലൈംഗിക പീഡന ആരോപണങ്ങളിൽ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഇനി മുകേഷ് അടക്കമുള്ള അഭിനേതാക്കളെ ചോദ്യം ചെയ്യണം. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനത്തിനായി പൊലീസ് കാത്തിരിക്കുന്നത്.
ആരോപണം ഉന്നയിച്ചിരിക്കുന്ന പരാതികളിൽ പല സംഭവങ്ങളും നടന്നിരിക്കുന്നത് വർഷങ്ങള്‍ക്ക് മുൻപാണ്. ഡിജിറ്റൽ തെളിവുകളടക്കം കണ്ടെത്തുന്നത് വെല്ലുവിളിയാണ്. എങ്കിലും സാഹചര്യത്തെളിവുകളടക്കം പരിശോധിച്ച് സത്യം കണ്ടെത്താനാകുമെന്ന് പൂങ്കുഴലി പറഞ്ഞു. അഭിനേതാക്കളായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻ പിള്ള രാജു, സംവിധായകൻ രഞ്ജിത്ത് എത്തിവർക്കെതിരെയാണ് ജൂനിയർ ആർട്ടിസ്റ്റുകളടക്കം പരാതി നൽകിയിരിക്കുന്നത്.
Adjust Story Font
16