ഗുരുവായൂർ ക്ഷേത്രത്തിലെ മുഖമണ്ഡപവും നടപ്പന്തലും ജൂലൈ ഏഴിന് സമർപ്പിക്കും
വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമിച്ചത്
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിന്റേയും നടപ്പന്തലിന്റേയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേശ് വിജയകുമാർ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമിച്ചത്.
കേരളീയ വാസ്തുശൈലിയുടെ അലങ്കാര ഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിർമിച്ചിരിക്കുന്നത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ചെമ്പിൽ വാർത്തെടുത്തതാണ് ഈ താഴികക്കുടങ്ങൾ. അഞ്ചരയടി ഉയരമുണ്ട്. മാന്നാർ പി.കെ. രാജപ്പൻ ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങൾ നിർമിച്ചത്. മൂന്ന് താഴിക്കകുടങ്ങളിൽ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.
മുഖമണ്ഡപത്തിന് താഴെ തട്ടിൽ ആഞ്ഞിലിമരത്തിൽ അഷ്ടദിക് പാലകർ, ബ്രഹ്‌മാവ്, വ്യാളീരൂപങ്ങൾ എന്നിവ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന് നേരെ താഴെ നിന്നാൽ ഈ കാഴ്ച കാണാനാവും. രണ്ടാം നിലയുടെ മൂലയിൽ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങൾ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളിൽ ചതുർ ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പൻ, വെണ്ണക്കണ്ണൻ, ദ്വാരപാലകർ എന്നിവരേയും കാണാം.
കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്‌സര ജംഗ്ഷൻ വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തൽ. ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമന്റിൽ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശിൽപങ്ങളും ഉണ്ടാകും.
ഗുരുവായൂർ ക്ഷേത്രം ശ്രീകോവിൽ ശിൽപിയായ എളവള്ളി നാരായണൻ ആചാരിയുടെ മകൻ എളവള്ളി നന്ദന്റെ നേതൃത്വത്തിൽ പെരുവല്ലൂർ മണികണ്ഠൻ, സൗപർണികാ രാജേഷ്, പാന്തറ വിനീത് കണ്ണൻ തുടങ്ങി വലിയൊരു സംഘം ശിൽപികളുടെ മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇങ്ങനെയൊരു നടപ്പന്തലും മുഖമണ്ഡപവും നിർമിച്ചെടുത്തത്. നിലവിലുള്ള നടപ്പുരയുടെ അതേ ഉയരം തന്നെയാവും പുതിയ നടപ്പുരയ്ക്കും.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിൽ വാസ്തു ആചാര്യൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മാർഗനിർദേശമനുസരിച്ചാണ് നടപ്പുരയുടെ നവീകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയത്. 2023 ഏപ്രിൽ 15നാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിട്ടത്. ദേവസ്വം എഞ്ചിനീയർമാരായ എം.കെ അശോക് കുമാർ, നാരായണൻ ഉണ്ണി എന്നിവർക്കായിരുന്നു നടപ്പുരയുടെ നിർമാണ മേൽനോട്ടം.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കൃഷ്ണക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രധാന നടയിൽ ഇങ്ങനെയൊരു മുഖമണ്ഡപവും നടപ്പന്തലും സ്ഥാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ വിഘ്‌നേഷ് വിജയകുമാർ പറഞ്ഞു. മുഖമണ്ഡപ സമർപ്പണത്തോടെ നിർമാണ പ്രവൃത്തികൾ തീരുന്നില്ലെന്നും ശ്രീകൃഷ്ണഗാഥ അടിസ്ഥാനമാക്കിയുള്ള കൂടുതൽ ശിൽപങ്ങളും നിർമിതികളും ഗുരുവായൂർ സമർപ്പിക്കണമെന്നാണ് ആഗ്രഹമെന്നും അതിനായുള്ള പദ്ധതികൾ തയ്യാറായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയായ വിഘ്‌നേശ് വിജയകുമാർ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയാണ്. മഹീന്ദ്ര കമ്പനി ഗുരുവായൂരിലേക്ക് വഴിപാടായി സമർപ്പിച്ച് ഥാർ ലേലത്തിൽ പിടിച്ച് വിഘ്‌നേഷ് നേരത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സിനിമ നിർമാതാവ് കൂടിയായ വിഘ്‌നേഷിന് മിഡിൽ ഈസ്റ്റിന് പുറത്ത് നിരവധി രാജ്യങ്ങളിലും ഇന്ത്യയിലും സംരംഭങ്ങളുണ്ട്.
Adjust Story Font
16